ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 30,31 ജനുവരി ഒന്ന് തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. എന്നാല്‍ പ്രാദേശിക സാഹചര്യം വിലയിരുത്തി എത്രത്തോളം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുളളതില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങളുടേതായിരിക്കും.
ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യമനുസരിച്ച് രാത്രികാല കര്‍ഫ്യു ഉള്‍പ്പടെ നടപടികളെടുക്കാം.എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഉളളിലുളളതോ, അന്തര്‍സംസ്ഥാന യാത്രയോ നിരോധിക്കാന്‍ പാടില്ല. ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളിലെ സാഹചര്യമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം.
പുതുവത്സരാഘോഷത്തോട് അനുബന്ധിച്ചുളള ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താം. അതേസമയം സംസ്ഥാനത്തിന് അകത്തോ പുറത്തോ ഉളള യാത്രകള്‍, ചരക്ക് നീക്കം എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
യു.കെ.യില്‍ നിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തിയ 20 പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്രം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജനുവരി ഏഴുവരെ യു.കെ.യില്‍ നിന്നും യു.കെ.യിലേക്കുമുളള വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുമുണ്ട്.
പുതിയ വൈറസ് സ്ഥിരീകരിച്ച ബ്രിട്ടണിലേക്കും തിരിച്ചും ഇന്ത്യ ഡിസംബര്‍ 22 മുതല്‍ 31 വരെ ഏര്‍പ്പെടുത്തിയ വ്യോമയാന ഗതാഗത നിരോധനം ജനുവരി 7 വരെ നീട്ടി. ആരോഗ്യ സേവന വിഭാഗം ഡയറക്‌ടര്‍ ജനറലിന്റെ നേതൃത്വത്തിലെ സംയുക്ത അവലോകന സംഘത്തിന്റെയും ഐ.സി.എം.ആര്‍ ഡയറക്‌ടര്‍ ജനറലും നിതി അയോഗ് ആരോഗ്യ വിഭാഗം അംഗവും നേതൃത്വമേകുന്ന ദേശീയ കര്‍മസമിതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ജനുവരി 7ന് ശേഷം നിയന്ത്രണങ്ങളോടെ വിമാന സര്‍വീസ് തുടങ്ങുന്ന കാര്യം പരിഗണിക്കാനും സമിതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്.