ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കോവിഡ് അതിവേഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ഒരാഴ്ച കൂടി നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചു.
നേരത്തെ ഡിസംബര്‍ 22 മുതല്‍ ഡിസംബര്‍ 31 വരെയായിരുന്നു. യുകെ-ഇന്ത്യ വിമാന സര്‍വീസുകള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയത്.
അതേസമയം, രാജ്യത്ത് ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുകയാണ്. രണ്ട് വയസുകാരി ഉൾപ്പടെ പതിനാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
പത്ത് ലാബുകളിലായി 107 സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് 20 പേരിൽ അതീതീവ്രവൈറസ് കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ ഉത്തർപ്രദേശിലെ മീററ്റിലെ രണ്ട് വയസുകാരിയും ഉൾപ്പെടുന്നു. പുതിയ സാഹചര്യത്തിലാണ് ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് അടുത്ത മാസം ഏഴ് വരെ നീട്ടിയത്.