ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം ഉയരുന്നു. ബ്രിട്ടനില്‍ നിന്നെത്തിയ രണ്ട് വയസുകാരി ഉള്‍പ്പടെ 14 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ആകെ രോഗികളുടെ എണ്ണം ഇരുപതായി ഉയര്‍ന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള രണ്ടു വയസുകാരിക്കാണ് ജനിതകമാറ്റം വന്ന കൊവിഡ് സ്ഥിരീകരിച്ചത്.
കുട്ടിയുടെ മാതാപിതാക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പുതിയ വകഭേദമല്ല.കുട്ടിയേയും മാതാപിതാക്കളെയും മീററ്റിലെ സുഭാരതി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ ആറ് പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കര്‍ണാടകത്തില്‍ മൂന്നു പേര്‍ക്കും ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് പുതിയ വൈറസ് ബാധിച്ചത്.
അതേസമയം, ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ ഇന്ത്യയിലും കണ്ടെത്തിയ സാഹചര്യത്തില്‍ കേരളം അതീവ ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.