ശ്രീനഗര്‍: ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ജമ്മു കാശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രിയുടെ അഭിപ്രായത്തിനു പിന്നാലെയാണ് ഒമര്‍ ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ടിക്കറ്റില്‍ വിജയിച്ചവരെ മറ്റൊരു രാഷ്ട്രീയ സംഘടനയില്‍ എത്തിക്കാന്‍ ബിജെപി സമ്മര്‍ദതന്ത്രം പയറ്റുന്നുവെന്ന്‍ ഒമര്‍ അബ്ദുള്ള ആരോപിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് സ്ഥാനാര്‍ഥികളുടെ വരുതിയിലാക്കാനാണ് ബിജെപിയുടെയും കാശ്മീരിലെ പ്രമുഖ ബിസിനസുകാരനായ അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അപ്‌നി പാര്‍ട്ടിയും ശ്രമിക്കുന്നുവെന്നാണ് ആരോപണം.
“ജനാധിപത്യം വിജയിച്ചുവെന്ന് ഡിഡിസി തിരഞ്ഞെടുപ്പിനെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. പക്ഷേ, ഷോപിയാനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ സര്‍ക്കാര്‍ ദ്രോഹിക്കാനാരംഭിച്ചു. അവരെ യാതൊരു കാരണവുമില്ലാതെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നു.” – ശ്രീനഗറില്‍ പത്രസമ്മേളനത്തില്‍ ഒമര്‍ അബ്ദുള്ള പറഞ്ഞു. ഡിഡിസി വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പാര്‍ട്ടിയിലെ രണ്ട് മുതിര്‍ന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചയാളുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ ബി ടീമായ അപ്‌നി പാര്‍ട്ടിയില്‍ ചേരുകയാണെങ്കില്‍ ബന്ധുവിനെ മോചിപ്പിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ഒമര്‍ പറഞ്ഞു. കൂടാതെ ബിജെപിക്കുവേണ്ടി ഉദ്യോഗസ്ഥര്‍ കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്നും ഒമര്‍ അബ്ദുള്ള കുറ്റപ്പെടുത്തി.
ഷോപിയാനില്‍ മത്സരിച്ച് ജയിച്ച തങ്ങളുടെ ഒരു വനിതാ അംഗം അപ്നി പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിതയായെന്ന് ഒമര്‍ അബ്ദുള്ള ആരോപിച്ചു. ഇക്കാര്യങ്ങള്‍ തെളിയിക്കാന്‍ തങ്ങളുടെ പക്കല്‍ ഫോണ്‍ റെക്കോര്‍ഡിങ്ങുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഷോപിയാനില്‍ നിന്ന് വിജയിച്ച യസ്മീന ജാന്‍ വെള്ളിയാഴ്ച പാര്‍ട്ടിയില്‍ ചേര്‍ന്നതായി അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള അപ്നി പാര്‍ട്ടി പ്രഖ്യാപിച്ചിത് പരാമര്‍ശിച്ചാണ് ഒമറിന്റെ ആരോപണം.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ജില്ലാ വികസന കൗണ്‍സിലിലേക്ക് നടന്നത്. 20 ഡിഡിസികളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഗുപ്കര്‍ സഖ്യം 13 ഇടത്ത് ജയിച്ചപ്പോള്‍ ബിജെപി ആറിടത്ത് ജയിച്ചു. 110 സീറ്റുകളാണ് ഗുപ്കര്‍ ആകെ നേടിയത്. 74 സീറ്റുകളുമായി ജമ്മു മേഖലയിലെ അഞ്ച് ജില്ലകളില്‍ ഭൂരിപക്ഷം നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.