ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കര്‍ഷകരെ ഇല്ലാത്തത് പറഞ്ഞ് വഴി തെറ്റിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്ന് അമേഠിയിലെ കര്‍ഷക റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെ സ്മൃതി വിമര്‍ശിച്ചു.
“രാഹുല്‍ പച്ചക്കള്ളമാണ് കര്‍ഷകരോട് പറയുന്നത്. അവരെ വഴി തെറ്റിക്കാനും ശ്രമിക്കുന്നു. കര്‍ഷകര്‍ക്കായി മുതലക്കണ്ണീരും ഒഴുക്കുന്നു. കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തയാളാണ് രാഹുലിന്റെ സഹോദരിയുടെ ഭര്‍ത്താവ്. അതേപ്പറ്റി ഒന്നും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറല്ല’- സ്മൃതി വിമര്‍ശിച്ചു.
കേന്ദ്രത്തിന്റെ കര്‍ഷക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
രാഹല്‍ ഗാന്ധി കര്‍ഷകരോട് ഇപ്പോള്‍ സഹതാപം കാണിക്കുകയാണെന്നും കര്‍ഷകരുടെ ഭൂമി കൈവശം വെച്ചിരിക്കുന്നവരാണിവരെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
“ഞാനീ മണ്ഡലത്തില്‍ ജയിക്കുന്നതിന് മുമ്പ് ഇവിടെ നടന്നിരുന്ന വികസനമെന്താണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ കുടുംബം അറിഞ്ഞുകൊണ്ടാണ് അമേഠിയെയും അവിടുത്തെ കര്‍ഷകരെയും വികസനത്തില്‍ നിന്ന് അകറ്റിനിര്‍ത്തിയത്. അവര്‍ കര്‍ഷകരെ വഴിതെറ്റിച്ചു. ഡല്‍ഹിയിൽ കാഞ്ചനകൊട്ടാരത്തിലിരുന്നു കൊണ്ട് അവര്‍ അധികാരത്തിന്റെ മധുരം നുണഞ്ഞു”, സ്മൃതി ഇറാനി ആരോപിച്ചു.