ന്യൂഡല്‍ഹി: കോവിഡിന്‍റെ രണ്ടാം ഘട്ടവ്യാപനം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ 2021 ഫെബ്രുവരി കഴിയുന്നതുവരെ സി.ബി.എസ്.ഇ പത്ത്, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍.
വൈകീട്ട് സി.ബി.എസ്.ഇ അധ്യാപകരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബോര്‍ഡ് പരീക്ഷകള്‍ പിന്നീടേ നടത്തൂവെന്നും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പരീക്ഷാ തീയതി നിശ്ചയിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സിലബസ് കുറച്ചുകൊണ്ട് സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ നടത്തും. സിലബസിന്റെ 30 ശതമാനം ഒഴിവാക്കും. ചില സംസ്ഥാനങ്ങള്‍ അത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളും ഉടന്‍ പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ വെബിനാറില്‍ പങ്കെടുത്തു. ഈ മാസം 17നായിരുന്നു വെബിനാര്‍ നിശ്ചിയിച്ചിരുന്നത്. എന്നാല്‍, അധ്യാപകരുടെ ആവശ്യപ്രകാരം നീട്ടിവെക്കുകയായിരുന്നു.
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ സംബന്ധിച്ച അധ്യാപകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇന്ന് വെബിനാര്‍ നടത്തിയത്. ബോര്‍ഡ് പരീക്ഷ ഓണ്‍ലൈനായി നടത്തുമോ എന്നതടക്കമുള്ള സംശയങ്ങള്‍ അധ്യാപകര്‍ ഉന്നയിച്ചു.