ന്യൂ ഡല്‍ഹി: ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. നാളെ അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31വരെയാണ് സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുമ്പ് യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ നിര്‍ബന്ധമായും ആര്‍ടി-പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്. ജനിതക വ്യതിയാനം വന്ന പുതിയ തരം കൊറോണ വൈറസിനെ ബ്രിട്ടനിലാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, ഡെന്മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നിവടങ്ങളിലും ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയിലും വൈറസ്ബാധ സ്ഥിരീകരിച്ചു. പുതിയ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലണ്ടനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.