ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തെ വിമർശിച്ച് മുതിർന്ന അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ. കോവിഡിനെ തുടർന്ന് പാർലമെന്‍റ് സെക്ഷനുകൾ ഒഴിവാക്കി, പകരം കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബംഗാളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിപാടികൾ സംഘടിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡിനെ തുടർന്ന് പാർലമെന്‍റ് സമ്മേളനം ഒഴിവാക്കിയ അമിത്ഷാ മാസ്കും സാമൂഹിക അകലവുമില്ലാതെ റാലികൾ സംഘടിപ്പിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്നു. മോദിയുടെയും അമിത് ഷായുടെയും ബിജെപി ജനാധിപത്യത്തെ കീറിയെറിയുകയാണ് -പ്രശാന്ത് ഭൂഷൻ ട്വീറ്റ് ചെയ്തു.
അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിന്‍റെ പത്രവാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്. അതിൽ മാസ്കില്ലാതെ റാലിയിൽ അമിത് ഷായും മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് സുവേന്ദു അധികാരിയും നിൽക്കുന്ന ചിത്രവും കാണാം. ഇതിനെ വിമർശിച്ചാണ് പ്രശാന്ത് ഭൂഷൺ രംഗത്തെത്തിയത്.