മിഡ്നാപുര്: പശ്ചിമ ബംഗാള്‍ എം.എല്‍.എ സുവേന്ദു അധികാരി അടക്കം ആറ് തൃണമൂല്‍ എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രണ്ട് സിപിഎം, ഓരോ സിപിഐ, കോണ്‍ഗ്രസ് എം.എല്‍.എമാരും ബിജെപിയിലെത്തി.
കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ എല്ലാ നേതാക്കളെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. പശ്ചിമബംഗാൾ പശ്ചിം മെദിനിപുരിൽ നടന്ന മെഗാറാലിയിൽ വെച്ചാണ് സുവേന്ദു അധികാരി ഉൾപ്പടെയുളള നേതാക്കളെ അമിത് ഷാ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
“എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ തൃണമൂൽ കോൺഗ്രസ് വിടുന്നത്. മമതാ ബാനർജിയുടെ ദുർഭരണവും അഴിമതിയും സ്വജനപക്ഷപാതവും കാരണമാണ് അത്. ദീദി, ഇതൊരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നിങ്ങൾ ഒറ്റയ്ക്കാകും”- അമിത് ഷാ പറഞ്ഞു.
ബര്‍ധമാന്‍ പൂര്‍ബ ലോക്സഭ മണ്ഡലത്തില്‍നിന്ന് രണ്ടു വട്ടം ടി.എം.സി എം.പിയായ സുനില്‍ മൊണ്ഡലും ബി.ജെ.പിയില്‍ ചേര്‍ന്നു. സുവേന്ദുവിനെ കൂടാതെ ബനശ്രീ മൈത്തി (കാന്തി നോര്‍ത്ത്), ശീല്‍ഭദ്ര ദത്ത (ബാരക്ക്പുര്‍), ബിശ്വജിത് കുണ്ഡു (കല്‍ന), സുക്ര മുണ്ഡ (നഗ്രകട), സൈകത് പഞ്ജ (മോണ്ഡേശ്വര്‍) എന്നിവരാണ് ബി.ജെ.പിയിലെത്തിയ തൃണമൂല്‍ എം.എല്‍.എമാര്‍.
2016ല്‍ ഗസോള്‍ മണ്ഡലത്തില്‍നിന്ന് സിപിഎം ടിക്കറ്റില്‍ വിജയിച്ച ശേഷം 2018ല്‍ തൃണമൂലില്‍ ചേര്‍ന്ന ദീപാലി ബിശ്വാസ്, ഹാല്‍ദിയ സി.പി.എം എം.എല്‍.എ തപസി മണ്ഡല്‍, തംലൂക് സി.പി.ഐ എം.എല്‍.എ അശോക് ദിണ്ഡ, പുരുലിയ കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് മുഖര്‍ജി എന്നിവരും ഷായുടെ റാലിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.