ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ നിയമസഭയില്‍ കീറിയെറിഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വ്യാഴാഴ്ച നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ വലിച്ചുകീറിയത്. ബ്രിട്ടീഷുകാരേക്കാള്‍ മോശമാകരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടാണ് ബില്ലുകളുടെ പകര്‍പ്പുകള്‍ വലിച്ചുകീറിയത്.
കെജ്‌രിവാളിനെ പിന്തുണച്ച് നിയമത്തിന്‍റെ പകര്‍പ്പ് കീറിയെറിഞ്ഞ എ.എ.പി അംഗങ്ങളായ മഹേന്ദ്ര ഗോയലും സോംനാഥ് ഭാരതിയും കര്‍ഷക വിരുദ്ധമായ കരിനിയമങ്ങള്‍ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി.
“ഈ സമ്മേളനത്തില്‍ ഞാന്‍ മൂന്ന് കാര്‍ഷിക ബില്ലുകളും കീറിക്കളയുകയാണ്. ബ്രിട്ടീഷുകാരേക്കാള്‍ മോശമാകരുതെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധിയുടെ സമയത്ത് കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കാനുള്ള തിടുക്കം എന്താണ്?”- കര്‍ഷകരുടെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക സെഷനില്‍ കെജ്‌രിവാള്‍ ചോദ്യമുയര്‍ത്തി.
20 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ 20ലധികം പേര്‍ മരണപ്പെട്ടു. ഒരു ദിവസം ഒരു കര്‍ഷകന്‍ എന്ന നിലയില്‍ രക്തസാക്ഷിയാവുകയാണ്. വോട്ടെടുപ്പ് ഇല്ലാതെ ബില്‍ രാജ്യസഭ പാസാക്കിയത് ആദ്യ സംഭവമാണ്. കേന്ദ്ര സര്‍ക്കാര്‍ ബ്രിട്ടീഷുകാരെക്കാള്‍ മോശമാകരുതെന്നും കെജ് രിവാള്‍ വ്യക്തമാക്കി.