സിംഘു: കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത സിഖ് ആത്മീയ നേതാവ് സന്ത് ബാബ റാം സിങ്ങിന്റെ ആത്മഹത്യയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയം കാരണം നിരവധി കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം ചെയ്തതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മോദിസര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ച് കഴിഞ്ഞിരിക്കുന്നുവെന്നും കാര്‍ഷിക നയം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്ത് ബാബ റാം സിങ്ങിന്റെ ആത്മഹത്യ വേദനയുണ്ടാക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത് സര്‍ക്കാര്‍ അതു കേള്‍ക്കാന്‍ തയാറാകണമെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.