ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും ദാരുണാന്ത്യം. തമിഴ്‌നാട് ഗൂഡല്ലൂരിലാണ് അതിദാരുണമായ സംഭവം. കൊളപ്പള്ളി ടാന്‍ടീയുടെ പത്താം നമ്ബര്‍ പാടിക്ക് സമീപം ആനന്ദരാജ് (48), മകന്‍ പ്രശാന്ത്(20) എന്നിവരാണ് കൊല്ലപ്പെട്ടത്.
വോളിബോള്‍ കളി കഴിഞ്ഞ് ഇന്നലെ വൈകിട്ട് ആറേകാലോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രശാന്ത്. വീടിന് 10 മീറ്റര്‍ അകലെ വച്ച് കുടുംബാംഗങ്ങളുടെ മുന്‍പിലാണു പ്രശാന്തിനെ ആന ആക്രമിച്ചത്. പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു. 10 മിനിറ്റ് വ്യത്യാസത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലറാണ് മരിച്ച ആനന്ദരാജ്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. സംഭവത്തില്‍ പ്രതിഷേധവും ശക്തമായിരിക്കുകയാണ്. രാത്രി വൈകിയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കിടയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.