ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പാക്കിസ്ഥാന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരാള്‍ പിടിയിലായി. ലഷ്കറെ തയിബ ഭീകരസംഘനടയില്‍പ്പെട്ട സാജിദ്, ബിലാല്‍ എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം മുഗള്‍ റോഡിലെ പോഷാന പ്രദേശത്താണ് സംഭവം. പൂഞ്ചിലെ പോഷാനയ്ക്കടുത്തുള്ള ചട്ടപനി പ്രദേശത്ത് സുരക്ഷാ സേനയുടെ സംയുക്ത നീക്കത്തിനൊടുവില്‍ രണ്ട് തീവ്രവാദികളെ വധിക്കുകയും അവരുടെ കൂട്ടാളിയെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ജമ്മു മേഖല ഐജി മുകേഷ് സിംഗ് സ്ഥിരീകരിച്ചു.
ഇവരുടെ പക്കല്‍ നിന്ന് രണ്ടു എ.കെ.47 റൈഫിളുകളും സാറ്റ്‍ലൈറ്റ് ഫോണും പിടിച്ചെടുത്തു. ഭീകരരെ സഹായിച്ചിരുന്ന നാട്ടുകാരനെ സുരക്ഷാസേന പിടികൂടി. മൂന്നുദിവസം മുന്‍പ് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയ ഭീകരര്‍ ഷോപ്പിയന്‍ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. ഭീകരരെ വളഞ്ഞ സുരക്ഷാസേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭീകരര്‍ തിരിച്ചു വെടിയുതിര്‍ത്തു. തുടര്‍ന്ന് ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.