ന്യൂഡല്‍ഹി: കോവിഡ് വാക്സിന്റെ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖയുമായി കേന്ദ്രം. വാക്‌സിന്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ 12 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കണം. വാക്‌സിന്റെ മോഷണം തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനം കേന്ദ്ര സര്‍ക്കാരിന്റെ 20 മന്ത്രാലയങ്ങള്‍ വഹിക്കുമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ മാര്‍ഗ്ഗരേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചിട്ടുണ്ട്.
ആധാര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫീസിലെ പാസ് ബുക്ക്, പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് വാക്‌സിന്‍ കുത്തിവെപ്പിനായി ഹാജരാക്കണം. ഇവ ഇല്ലെങ്കില്‍ പെന്‍ഷന്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഇന്‍ഷുറന്‍സ് കാര്‍ഡ്, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന തൊഴില്‍ കാര്‍ഡ്, ദേശിയ ജനസംഖ്യ രജിസ്റ്ററിന്റെ ഭാഗമായി ലഭിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് എന്നിവയില്‍ ഒന്ന് ഹാജരാക്കിയാലും മതിയാകും.
കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതി. എം.പിമാര്‍, എംഎല്‍ എമാര്‍ തുടങ്ങിയവര്‍ ജനപ്രതിനിധികള്‍ ആണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡിന് എതിരായ മുന്നണി പോരാളികള്‍, അമ്ബത് വയസ്സിന് മുകളില്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് ആണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. ഇവര്‍ക്ക് പുറമെ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും. അമ്ബത് വയസ്സിന് മുകളില്‍ ഉള്ളവരെ ഏറ്റവും പുതിയ വോട്ടര്‍ പട്ടിക ഉപയോഗിച്ചാകും കണ്ടെത്തുക എന്നും മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആഭ്യന്തരം, പ്രതിരോധം, റെയില്‍വെ, വ്യോമയാനം, ഊര്‍ജ്ജം, തൊഴില്‍, സ്‌പോര്‍ട്ട്‌സ്, ന്യൂനപക്ഷ ക്ഷേമം, വനിത ശിക്ഷു ക്ഷേമം തുടങ്ങി 20 കേന്ദ്ര മന്ത്രാലയങ്ങള്‍ ആണ് വാക്‌സിന്‍ വിതരണം ഏകോപിപ്പിക്കുക. നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ അദ്ധ്യക്ഷനായ ദേശിയ വിദഗ്ദ്ധ സംഘത്തിനാണ് വാക്‌സിന്‍ വിതരണത്തിന്റെ ഏകോപന പ്രവര്‍ത്തനങ്ങളുടെ ചുമതല.
രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാക്‌സിന്‍ കുത്തിവയ്ക്കുക. ഒരു കുത്തിവെപ്പ് കേന്ദ്രത്തില്‍ ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് ജീവനക്കാര്‍ ആകും ഉണ്ടാകുക. ഡോക്ടര്‍ക്ക് പുറമെ നഴ്‌സ്, ഫാര്‍മസിസ്റ്റ്, പൊലീസ്, ഗാര്‍ഡ് എന്നിവര്‍ വാക്‌സിന്‍ കുത്തിവയ്പ്പ് കേന്ദ്രത്തില്‍ ഉണ്ടാകും. ഒരേ സ്ഥലത്ത് ഒന്നിലധികം വാക്‌സിന്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ ഉണ്ടാകാം. പക്ഷേ ഒരു ജില്ലയില്‍ ഒരു കമ്ബനിയുടെ വാക്‌സിന്‍ മാത്രമേ ഉപയോഗിക്കാവു എന്നും മാര്‍ഗ്ഗരേഖയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.