അകാരണമായി ഉണ്ടാകുന്ന അസാധാരണമായ ഭയമാണ് ഫോബിയ. ഫോബിയ പലതരത്തില്‍ ഉണ്ടാകാം. പാമ്പിനെ കാണുമ്പോള്‍, ഇരുട്ടിലൂടെ നടക്കുമ്പോള്‍, ഹൊറര്‍ സിനിമ കാണുമ്പോള്‍, രക്തം കാണുമ്പോള്‍ അല്ലെങ്കില്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍, വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെ നമുക്ക് പല തരത്തില്‍ ഭയം ഉണ്ടാകാറുണ്ട്.
അതുപോലെ വരാന്‍ പോകുന്ന അപകടത്തെ കുറിച്ച്, യുക്തിസഹമല്ലാത്ത ചിന്തകള്‍, അനാവശ്യമായ മുന്‍വിധികള്‍ എന്നിവയും അതിനെ കുറിച്ചുള്ള അമിതമായ ഉത്കണ്ഠയും ഉളളില്‍ ഭയമായി മാറുന്നു. ഇത്തരത്തില്‍ ആളുകളില്‍ ഉണ്ടാകുന്ന ഭയമാണ് ഫോബിയ. ഇതൊരു മാനസിക പ്രശ്നമായി തന്നെ കണക്കാക്കാവുന്നതാണ്.
അസാധാരണമായ ഭയം ഉണ്ടാകുമ്പോള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുകയും ശരീരം വല്ലാതെ വിയര്‍ക്കുകയും പിന്നീട് തലകറക്കം ഉണ്ടാവുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് വളരെ പേടിപ്പെടുത്തുന്ന തരത്തില്‍ അല്ലെങ്കില്‍ മനസ്സിന് വളരെ വലിയ ആഘാതം ഏല്‍പ്പിക്കുന്ന തരത്തിലുള്ള എന്തെങ്കിലും അപകടങ്ങളോ സംഭവങ്ങളോ ഉണ്ടായിട്ടുണ്ടെങ്കില്‍ മുതിര്‍ന്ന ശേഷം അത് ഫോബിയയായി മാറിയേക്കാം. കൂടാതെ മാനസിക അസ്വസ്ഥതയുളള മാതാപിതാക്കളുടെ മക്കളിലും, അമിതമായ മാനസിക സംഘര്‍ഷം അനുഭവിച്ചു കൊണ്ടിരിക്കുന്ന ആളുകളിലും ഫോബിയ ഉണ്ടായേക്കാം.
എന്നാല്‍ ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്യരുത്. അവരുടെ ഭയവും ഉത്കണ്ഠയും വളരെ സത്യസന്ധമാണ്. അതുകൊണ്ട് തന്നെ ഇത്തരം ആളുകള്‍ മാനസിക പിന്തുണ അര്‍ഹിക്കുന്നു. മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാത്തതു കൊണ്ടു തന്നെ ഫോബിയയെ ആരും അത്ര കാര്യമായി എടുക്കാറില്ല. എന്നാല്‍ ഒരു ഡോക്ടറുടെ സഹായം തേടുന്നത് വളരെ ഗുണം ചെയ്യും.