മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’, സിനിമയുടെ റിലീസ് വൈകുന്നതില്‍ വിഷമമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇതിനകം ചിത്രത്തിന് മികച്ച ഹൈപ്പ് കൈവന്നിട്ടുണ്ട്. എപ്പോള്‍ റിലീസ് ചെയ്താലും ചിത്രത്തിന് ആളുകൂടും. മരക്കാര്‍ പോലെ ഒരു സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
“ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്റെ സ്വപ്‌ന സിനിമയാണത്. 16-ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കാണത്. സിനിമയുടെ പകുതിയും നാവിക യുദ്ധമാണ്. കടല്‍ പശ്ചാത്തലമായുള്ളത്. ചിത്രത്തിന്റെ റിസള്‍ട്ടില്‍ ഞാന്‍ സന്തോഷവാനാണ് ‘- പ്രിയദര്‍ശന്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
സിനിമയുടെ ഓവർസീസ് റൈറ്റ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത് പ്രിയദർശൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിദേശ രാജ്യങ്ങളിലെ തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുകയും ആളുകൾ ആഗോളതലത്തിൽ സിനിമ കാണാൻ എത്തി തുടങ്ങുകയും ചെയ്യുന്നതുവരെ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതിൽ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയദർശൻ പറഞ്ഞു.
പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
2020 മാര്‍ച്ച് 26നാണ് മരക്കാര്‍ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.