ജയ്പുര്‍: രാജസ്ഥാന് തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വഞ്ചിച്ചെന്നാരോപിച്ച് അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാരതീയ ട്രൈബല്‍ പാര്‍ട്ടി (ബിടിപി). ബിടിപിക്ക് രണ്ട് എംഎല്‍എമാരാണുള്ളത്. ഇവര്‍ പിന്തുണ പിന്‍വലിച്ചാലും കോണ്‍ഗ്രസ് സര്‍ക്കാരിന് നിലവില്‍ ഭീഷണിയില്ല.
ദംഗാര്പുര് ജില്ലാ പഞ്ചായത്തില്‍ 27 അംഗങ്ങളുള്ള ബോര്‍ഡില്‍ ഭരണം പിടിക്കാന്‍ 13 സീറ്റുകളുള്ള ബിടിപിക്ക് സാധിച്ചില്ല. ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ച് ബിടിപിയെ പരാജയപ്പെടുത്തി.
ട്രൈബല്‍ പാര്‍ട്ടിക്ക് ഒരു കോണ്‍ഗ്രസ് അംഗത്തിെന്റ വോട്ടുകൂടി ലഭിച്ചാല്‍ അധ്യക്ഷ സ്ഥാനം ലഭിക്കുമായിരുന്നു. എന്നാല്‍, എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസും ആറ് അംഗങ്ങളുള്ള ബി.ജെ.പിയും ഒത്തുചേര്‍ന്ന് സ്വതന്ത്രയായി മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുത്തു.
സച്ചിന് പൈലറ്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും വിമതനീക്കം നടന്നപ്പോഴും ഗെലോട്ടിനൊപ്പം ഉറച്ചുനിന്ന ബിടിപിയെ ആണ് കോണ്‍ഗ്രസ് അട്ടിമറിച്ചത്. ആപത്കാലത്ത് സഹായിച്ച തങ്ങളെ ചതിച്ച കോണ്‍ഗ്രസുമായി നിയമസഭയില്‍ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് ബി.ടി.പി അധ്യക്ഷന്‍ വെലറാം ഗോദ്ര പറഞ്ഞു. പാര്‍ട്ടി ഉന്നത സമിതി രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും.