ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹനവ്യൂഹനത്തിന് നേരെ ബംഗാളിലുണ്ടായ അക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഗവർണറോടും മന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ഈ ആക്രമണത്തെ ഗൗരവമായാണ് കാണുന്നതെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ബംഗാള്‍ സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത ഈ ആക്രമണത്തിന് ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ ഭരണത്തില്‍ ബംഗാള്‍ സ്വേച്ഛാധിപത്യത്തിലേക്കും അരാചകത്വത്തിലേക്കും അന്ധകാരത്തിലേക്കും വീണുപോയിരിക്കുന്നതായും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
കോല്‍ക്കത്തയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് നഡ്ഡയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. നഡ്ഡ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
ആക്രമണം തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്തതാണെന്നും നഡ്ഡയുടെ സുരക്ഷയില്‍ മമത സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നും ബിജെപി ആരോപിച്ചു.
നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണത്തിനായാണ് നഡ്ഡ എത്തിയത്. നഡ്ഡയുടെ യാത്രയിലുടനീളം ചിലര്‍ അദ്ദേഹത്തെ ക രിങ്കൊടി കാണിച്ചിരുന്നു.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ നാടകമാണിതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. Z കാറ്റഗറി സുരക്ഷയുള്ള നഡ്ഡയ്ക്ക് സംസ്ഥാന സർക്കാരിന്റെ സുരക്ഷ ബിജെപി ആവശ്യപ്പെട്ടിരുന്നില്ല. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും പോലീസ് അന്വേഷണ നടക്കുമെന്നും മമത വ്യക്തമാക്കി.
നഡ്ഡയുടെ സന്ദർശനത്തിലെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് കത്തയക്കുകയു ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ കേന്ദ്രം രണ്ട് തവണ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.