ഒട്ടാവ: ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി കാനഡ. ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ് കാനഡ. ഇതിന് മുമ്പ് യുകെയും ബഹ്റിനും വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.
‘പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരമുള്ളതുമാണെന്നതിന് തെളിവുകള്‍ പിന്തുണയ്ക്കുന്നു,’ റെഗുലേറ്റര്‍ ഹെല്‍ത്ത് കാനഡ ഒരു പ്രസ്താവനയില്‍ പറഞ്ഞു. 16 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരില്‍ ഇത് ഉപയോഗിക്കാനാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, ഇന്ത്യയില്‍ കോവിഡ് വാക്‌സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയുള്ള കമ്പനികളുടെ അപേക്ഷകള്‍ വിദഗ്ധ സമിതി പരിശോധിച്ചു. ബഹുരാഷ്ട്ര കമ്പനിയായ ഫൈസറും ഓക്‌സ്‌ഫോര്‍ഡ് വാക്‌സീന്റെ ഇന്ത്യയിലെ പരീക്ഷണം നടത്തുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്ക് ഇന്ത്യയില്‍ തദ്ദേശീയ വികസിപ്പിച്ച കോവാക്‌സീന്റെയും അപേക്ഷകളാണ് സമിതി പരിശോധിച്ചത്.