കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത സര്‍ക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിന്റെ ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബംഗാളിലെ സിലിഗുരിയിലാണ് സംഭവം.
പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി വടക്കന്‍ ബംഗാളില്‍ ചൊവ്വാഴ്ച 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതും പോലീസുമായി ഏറ്റുമുട്ടുന്നതുമായി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമരക്കാരെ നേരിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
പൊലീസ് ലാത്തിച്ചാര്‍ജിനിടെ മര്‍ദ്ദിച്ചതാണ് പ്രവര്‍ത്തകനായ ഉലെന്‍ റേയുടെ മരണത്തിന് കാരണമെന്ന് ബി.ജെ.പി ആരോപിച്ചു.
അതേസമയം, സമരക്കാര്‍ക്കു നേരെ പോലീസ് വെടിവെച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഒരാള്‍ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതായും വെടിയുതിര്‍ത്തതായും പോലീസ് പറഞ്ഞു.