ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭം പന്ത്രണ്ടാം ദിവസവും ശക്തമായി പുരോഗമിക്കുകയാണ്. പ്രതിഷേധ സമരത്തിൽ അണി നിരക്കുന്ന കർഷകർക്കായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിസഭാംഗങ്ങളും സിംഘു അതിർത്തി സന്ദർശിക്കും.
ഹരിയാന-ഡൽഹി അതിർത്തിയായ സിംഘുവിലാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ ക്യാമ്പ് ചെയ്തിരിക്കുന്നത്. നൂറു കണക്കിന് കർഷകരാണ് നവംബർ 26 മുതൽ പ്രതിഷേധ സമരം നടത്തുന്നത്. പ്രക്ഷോഭത്തെ തുടർന്ന് ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും ഡൽഹിയിലേക്ക് കടക്കുന്ന അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.
ഡൽഹിയുടെ എല്ലാ അതിർത്തികളും സ്തംഭിപ്പിച്ചുള്ള സമരത്തിനാണ് കർഷകർ ഒരുങ്ങുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകർ സിംഘു അതിർത്തിയിലും യു.പിയിലേയും ഝാർഖണ്ഡിലെയും കർഷകർ നോയിഡ അതിർത്തിയിലുമാണ് അണിനിരന്നിട്ടുള്ളത്.
ഡൽഹിയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയ ട്രാഫിക് പൊലീസ് ഡൽഹിയിൽ പ്രവേശിക്കാനും തിരിച്ചുപോകാനും ബദൽവഴികൾ ആശ്രയിക്കാൻ ഉത്തർപ്രദേശിൽനിന്നും ഹരിയാനയിൽനിന്നുമുള്ളവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.