ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവും ബോക്‌സറുമായ വിജേന്ദര്‍ സിങ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് തിരികെ നല്‍കുമെന്ന് വിജേന്ദ്രര്‍ സിങ് വ്യക്തമാക്കി. ഡല്‍ഹിയി അതിര്‍ത്തിയിലെ സിംഗുവില്‍ കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കറുത്ത നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍, ഞാന്‍ എന്റെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് തിരികെ നല്‍കും’ – വിജേന്ദ്രര്‍ പറഞ്ഞു.
ബോക്സിങ്ങില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡല്‍ ജേതാവാണ് വിജേന്ദര്‍.
കര്‍ഷകരുടെയും സൈനികരുടെയും കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും അതിനാല്‍ തന്നെ അവരുടെ വേദനയും ഉത്കണ്ഠയും മനസിലാക്കാന്‍ സാധിക്കുമെന്നും വിജേന്ദര്‍ പറഞ്ഞു.
2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജേന്ദര്‍ ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
പഞ്ചാബി ഗായകനും നടനുമായ ദില്‍ജിത്ത് ദൊസാഞ്ജും ശനിയാഴ്ച ഈ വേദിയിലെത്തി കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു.