ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും രജിനികാന്തിന്റെ പാർട്ടി മത്സരിക്കും. രജിനികാന്തിന്റെ രാഷ്ട്രീയ ഉപദേശകൻ തമിഴ്അരുവി മണിയൻ ആണ് ഇക്കാര്യം അറിയിച്ചത്. ആത്മീയ രാഷ്ട്രീയ പ്രവർത്തനമാണ് പാർട്ടി കാഴ്ചവെക്കുകയെന്നും ആരേയും അധിക്ഷേപിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 243 സീറ്റുകളിലും മത്സരിക്കും. വിദ്വേഷ രാഷ്ട്രീയത്തിന് പകരം ഞങ്ങളുടേത് ആത്മീയ രാഷ്ട്രീയമായിരിക്കും. ഞങ്ങൾ ആരേയും അധിക്ഷേപിക്കില്ല.’ തമിഴ്അരുവി പറഞ്ഞു.
കഴിഞ്ഞ ദിവസം, ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നും രജനീകാന്ത് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. എത്രയും വേഗം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുമെന്ന് രജനികാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രജനി മക്കള്‍ മണ്‍ട്രത്തിലെ മുതിര്‍ന്ന പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്.
“ഞാന്‍ ജില്ലാ സെക്രട്ടറിമാരെ കണ്ടു. അവര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു, ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ അവരുമായി പങ്കുവച്ചു. ഞാന്‍ എന്ത് തീരുമാനമെടുത്താലും എന്റെ പക്ഷത്തുണ്ടാകുമെന്ന് അവര്‍ എനിക്ക് ഉറപ്പ് നല്‍കി. മത്സരിക്കുന്ന കാര്യത്തിലടക്കം എന്റെ തീരുമാനം എത്രയും വേഗം പ്രഖ്യാപിക്കും”- രജനീകാന്ത് വ്യക്തമാക്കി.
അടുത്ത ഏപ്രിൽ-മെയ് മാസങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.