ന്യൂഡല്‍ഹി: ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹർജി. ഒരു കൂട്ടം നിയമവിദ്യാര്‍ത്ഥികളാണ് യോഗി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
അഭിപ്രായസ്വാതന്ത്ര്യത്തിനും മതപരമായ സ്വാതന്ത്ര്യത്തിനുമെതിരായ കടന്നുകയറ്റമാണ് നിയമമെന്ന് ഹർജിയില്‍ പറയുന്നു.
നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം തടയല്‍ ഓര്‍ഡിനന്‍സ് യോഗി സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.
അതേസമയം നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ ശനിയാഴ്ചയാണ് ഓർഡിനൻസിനു അംഗീകാരം നൽകിയത്. നിർബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവർത്തനം തടയൽ ഓഡിനൻസ് നാലു ദിവസം മുൻപാണ് ആദിത്യനാഥ് സർക്കാർ ശുപാർശ ചെയ്തത്. ഇതു പ്രകാരം വിവാഹത്തിനായുള്ള നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരെയും സ്ത്രീകളെയും ഇങ്ങനെ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.