ബംഗളൂരു: ബിജെപി എംഎൽഎയുടെ ചവിട്ടേറ്റ് തൻെറ ഗർഭം അലസിയെന്ന പരാതിയുമായി ബിജെപി വനിത കൗൺസിലർ. കർണാടകയിലെ തെർദലിലെ ബിജെപി എംഎൽഎ സിദ്ധു സാവദിക്കെതിരെയാണ് കൗൺസിലർ ചാന്ദ്നി നായിക് രംഗത്തെത്തിയത്. സംഭവത്തിൽ നിയമനടപടികളിലേക്ക് കടക്കുകയാണെന്ന് ചാന്ദ്നിയുടെ ഭർത്താവ് അറിയിച്ചു.
നവംബർ ഒൻപതിനാണ് സംഭവം. മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി മഹാലിംഗപുരത്തെ മുനിസിപ്പൽ കൗൺസിൽ ബിൽഡിംഗിലെത്തിയ ചാന്ദ്നിയടക്കമുള്ള കൗൺസിലർമാരെ എംഎൽഎയും സംഘവും ചവിട്ടിവീഴ്ത്തുകയായിരുന്നു. സംഭവത്തിൻെറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ എംഎൽഎ നിഷേധിച്ചു. കൗൺസിലർ ആറുവർഷം മുമ്പ് വന്ധ്യംകരണം നടത്തിയതാണെന്നും സമീപകാലത്ത് അവർ ഗർഭച്ഛിദ്രം നടത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായും എംഎൽഎ പ്രതികരിച്ചു.
സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകാൻ ഒരുങ്ങുകയാണ് ചാന്ദ്നിയും ഭര്ത്താവും. നടപടി ആവശ്യപ്പെട്ട് മഹിള കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.