കന്യാകുമാരി: ശ്രീലങ്കയില്‍ നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി മേഖലയില്‍ കനത്ത പേമാരിയും കാറ്റും തുടരുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കടപുഴകിയതായുമാണ് റിപ്പോര്‍ട്ടുകള്‍. ഏറെ വൈകാതെ ഇന്ത്യൻ തീരത്തേക്ക് എത്തും.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാമനാഥപുരം കന്യാകുമാരി ജില്ലകളില്‍ ആള്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു.
ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി സംസ്ഥാനത്തും മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.