ബംഗളൂരു: പ്രായപൂര്‍ത്തി ആയ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ ഭരണഘടനാ പരമായി അധികാരമുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഇത് അവരുടെ മൗലികാവകാശമാണെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. വ്യത്യസ്ത മതക്കാര്‍ തമ്മിലുള്ള വിവാഹത്തെ നിരുത്സാഹപ്പെടുത്താന്‍ കര്‍ണാടകയടക്കം പല സംസ്ഥാനങ്ങളും നിയമരൂപവത്കരണത്തിനൊരുങ്ങുന്നതിനിെടയാണ് ഹൈകോടതി നിലപാട് വ്യക്തമാക്കിയത്.
രമ്യ എന്ന യുവതിയെ വീട്ടുകാരുടെ തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്വെയര് എഞ്ചിനീയറായ യുവാവ് വജീദ് ഖാന് കോടതിയില്‍ നിവേദനം നല്‍കിയിരുന്നു. കേസില്‍ യുവതിയുടെ വാദം കേട്ടതിന് പിന്നലെയാണ് കോടതി ഇക്കാര്യം വാക്കാല്‍ പറഞ്ഞതെന്നും ലൈവ് ലാ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭരണഘടന നല്കുന്ന മൗലികാവകാശപ്രകാരം പ്രായപൂര്‍ത്തിയായ പൗരന്മാര്ക്ക് അവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹ പങ്കാളിയായി സ്വീകരിക്കാമെന്നും ആ സ്വാതന്ത്ര്യ പ്രകാരം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തില്‍ മതത്തിെന്റയോ ജാതിയുടെയോ പേരില്‍ മറ്റൊരാള്‍ക്കും ഇടപെടാനാവില്ലെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് എസ്. സുജാത, സച്ചിന് ശങ്കര്‍ മാഗധം എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരവ് പ്രകാരം, രമ്യയെ മഹിള കേന്ദ്രത്തില്‍നിന്ന് ചന്ദ്ര ലേഒൗട്ട് പൊലീസ് കോടതിയില്‍ ഹാജരാക്കി. രമ്യയുടെ മാതാപിതാക്കളായ ഗംഗാധര്‍, ഗിരിജ എന്നിവരും വജീദ് ഖാെന്റ മാതാവ് ശ്രീലക്ഷ്മിയും കോടതിയില്‍ ഹാജരായിരുന്നു. വനിത ശിശുക്ഷേമ സമിതിക്ക് കീഴിലെ കുടുംബ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് താന്‍ മഹിള മന്ദിരത്തില്‍ കഴിയുകയായിരുന്നെന്ന് കോടതിയെ അറിയിച്ചു. ഇരുവരുടെയും വിവാഹക്കാര്യത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് വാജിദിെന്റ മാതാവും കോടതിയെ ബോധിപ്പിച്ചു.
‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ വിവാദ നിയമം കഴിഞ്ഞയാഴ്ച നിലവില്‍വന്നിരുന്നു. ഇത് പ്രകാരം വ്യത്യസ്ത മത വിഭാഗത്തിലുള്ളര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിന് ഒരു മാസം മുമ്ബ് തന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം.