സ്ത്രീകള്‍ ഇരകളാകുന്ന പീഡനക്കേസുകളില്‍ ഇരകളുടെ വൈകാരികമായ അവസ്ഥ മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കുന്നതില്‍ വനിതാ ജഡ്ജിമാരുടെ അഭാവം വലിയ തടസ്സമുണ്ടാക്കുന്നുണ്ട് എന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ .
ജാമ്യം നല്‍കുന്നതിനു ഉപാധിയായി ഇരയുടെ കയ്യില്‍ പ്രതിയോട് രാഖി കെട്ടാന്‍ പറഞ്ഞ മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇത്തരമൊരു നിര്‍ദ്ദേശം എഴുതി നൽകിയത്.
സുപ്രീം കോടതി മുതല്‍ താഴോട്ടുള്ള എല്ലാ കോടതികളിലും വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കണം. സുപ്രീം കോടതില്‍ ഇന്നോളം ഒരു വനിതാ ചീഫ്ജസ്റ്റിസ് ഉണ്ടായിട്ടില്ല. ആകെ സുപ്രീം കോടതില്‍ 34 ജഡ്ജിമാരാണ് ഉള്ളത്. ഇതില്‍ വെറും രണ്ടുപേര്‍ മാത്രമാണ് വനിതകള്‍ – അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ആകെയുള്ള 80 വനിതാ ജഡ്ജിമാരില്‍ 78 പേരും ഹൈക്കോടതികളിലാണ് ജോലി ചെയ്യുന്നത്. ആയിരത്തി ഒരുന്നൂറ്റി പതിമൂന്ന് പേരാണ് ഇപ്പോള്‍ രാജ്യത്ത് ജഡ്ജിമാരായുളളത്. ഇതില്‍ വെറും 80 പേര്‍ മാത്രമേ വനിതകളായുള്ളൂ. ഇത് പീഡനത്തിലെ ഇരകള്‍ക്ക് ആശ്വാസം നല്‍കുന്നനടപടികള്‍ക്ക് വിഘാതമാകുമെന്നും കൂടുതല്‍ വനിതാ ജഡ്ജിമാരെ നിയമിക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു.