കാൻബറ: ഏകദിന പരമ്പരയിലെ ആശ്വാസ വിജയം തേടി ഇന്ത്യ ഇന്ന് ആസ്ട്രേലിയക്ക് എതിരെ മത്സരത്തിനിറങ്ങും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ രണ്ടു മത്സരവും ജയിച്ച് ഓസീസ് നേരത്തേതന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ആസ്ട്രേലിയൻ മണ്ണിൽ 20 വർഷത്തിനിടെ ആദ്യ ’വൈറ്റ്വാഷ്’ ഒഴിവാക്കുക എന്ന വെല്ലുവിളിക്കിടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ബൗളിങ്ങാണ് ഇന്ത്യയുടെ ഏറ്റവും വെല്ലുവിളി. ജസ്പ്രീത് ബുംറയും നവദീപ് സെയ്നിയും യുസ്വേന്ദ്ര ചഹലും ഉൾപ്പെടെയുള്ളവർ ഓസീസ് ബാറ്റിങ് കരുത്തിന് മുന്നിൽ തളരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കണ്ടത്. അതിനാൽ ഇന്ന് ഇവരുടെ കാര്യത്തിൽ മാറ്റം പ്രതീക്ഷിക്കാം. ബുംറക്കും സെയ്നിക്കും ഇന്ത്യ വിശ്രമം നൽകാൻ സാധ്യതയുണ്ട്.
അങ്ങനെയെങ്കിൽ ഷർദുൽ ഠാകുറും അരങ്ങേറ്റം കാത്തിരിക്കുന്ന യോർക്കർ സ്പെഷലിസ്റ്റ് ടി. നടരാജനും കളിച്ചേക്കും. ഓസീസ് മുൻനിരക്കെതിരെ, പ്രത്യേകിച്ച് സ്റ്റീവ് സ്മിത്തിനെതിരെ എങ്ങനെ പന്തെറിയുമെന്ന് ഒരു ധാരണയുമില്ലാതെയാണ് കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ ബൗളർമാർ കളിച്ചത്.
അതേസമയം, ഓസീസ് നിരയിൽ ഡേവിഡ് വാർണറും പാറ്റ് കമ്മിൻസും പുറത്തായതാണ് കാര്യമായ മാറ്റം. വാർണർക്ക് പകരക്കാരനായി ഡാർസി ഷോർടാവും കളിക്കുക.