റോം: കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനായി ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറി. പുതിയ പതിമൂന്ന് കര്‍ദ്ദിനാള്‍മാരെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയോഗിച്ചത്- സിഎന്‍എന്‍ റിപ്പോര്‍ട്ട്. വാഷിംഗ്ടണിലെ ആര്‍ച്ച് ബിഷപ്പായിരുന്നു 72കാരനായ വില്‍ട്ടണ്‍ ഗ്രിഗറി. 25ാം വയസിലാണ് വില്‍ട്ടണ്‍ ഗ്രിഗറി വൈദികനാവുന്നത്.
2019 മെയ് മാസമാണ് അദ്ദേഹം വാഷിംഗ്ടണിലെ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്. സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറെ പഴികേട്ടതിന് പിന്നാലെ രാജി വച്ച കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വുരേളിന് പകരമായി ആയിരുന്നു വില്‍ട്ടണ്‍ ഗ്രിഗറിയുടെ സ്ഥാനാരോഹണം.
സഭയിലെ ലൈംഗിക പീഡനപരാതികളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപാടുകള്‍ സ്വീകരിക്കണമെന്ന് തിരുത്തല്‍ വാദികൂടിയാണ് വില്‍ട്ടണ്‍ ഗ്രിഗറി. കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധത്തെ കണ്ണീര്‍ വാതകവും പൊലീസിനേയും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ആര്‍ച്ച് ബിഷപ്പ് കൂടിയായ വില്‍ട്ടണ്‍ ഗ്രിഗറിയ്ക്ക് സഭയിലെ യാഥാസ്ഥിതിക വിഭാഗത്തിന്‍റെ പിന്തുണയില്ലെന്നതും ശ്രദ്ധേയമാണ്.
കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പയ്ക്ക് തൊട്ട് താളെയുള്ള പദവികള്‍ കൈകാര്യം ചെയ്യുന്നവരാണ് കര്‍ദ്ദിനാളുമാര്‍. മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള തീരുമാനം എടുക്കുന്നത് കര്‍ദ്ദിനാളുമാരുടെ കോണ്‍ക്ലേവിലൂടെയാണ്. പുതിയ കര്‍ദ്ദിനാളുമാരില്‍ നാലുപേര്‍ എൺപത് വയ്സ് പിന്നിട്ടവരായതിനാല്‍ ഇവര്‍ക്ക് കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാന്‍ അനുമതിയുണ്ടാവില്ല.
ഇറ്റലി, മാള്‍ട്ട, റുവാണ്ട, ഫിലിപ്പീന്‍സ്, ചിലി, ബ്രൂണെയ്, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് കര്‍ദ്ദിനാളുമാര്‍. കൊറോണ വൈറസ് വ്യാപനം മൂലം ചെറിയ ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാതിരുന്ന ചില കര്‍ദ്ദിനാളുമാര്‍ വീഡിയോ ലിങ്കിലൂടെയാണ് ചടങ്ങുകളുടെ ഭാഗമായത്.