ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സി – ഹൈദരാബാദ് എഫ്.സി മത്സരം ഗോള്‍രഹിത സമനിലയില്‍. ഇതോടെ 2 മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമടക്കം 4 പോയിൻ്റുമായി ഹൈദരാബാദ് പോയിൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തെത്തി. 2 മത്സരങ്ങളിലും സമനില വഴങ്ങിയ ബെംഗളൂരു 2 പോയിൻ്റുമായി ആറാം സ്ഥാനത്താണ്.
ഹൈദരാബാദ് ടീമിന്റെ മികച്ച മുന്നേറ്റങ്ങള്‍ കണ്ട മത്സരത്തില്‍ ബെംഗളൂരു മുന്നേറ്റനിര തീര്‍ത്തും നിറംമങ്ങി. 13 ഷോട്ടുകളാണ് ഹൈദരാബാദ് താരങ്ങള്‍ ബെംഗളൂരു പോസ്റ്റിലേക്ക് തൊടുത്തത്. പലപ്പോഴും ബെംഗളൂരു പ്രതിരോധ നിരയെ നിസ്സഹായരാക്കിയായിരുന്നു ഹൈദരാബാദിന്റെ മുന്നേറ്റം.
ആദ്യ പകുതിയിൽ തന്നെ രണ്ട് മികച്ച താരങ്ങൾ പരുക്കേറ്റ് പുറത്തായിട്ടും ഹൈദരാബാദ് തളരാതെ പോരാടി.
ഗുർപ്രീത് സിംഗിനെയോ സുബ്രത പാലിനെയോ ഒരുപാട് പരീക്ഷിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ഫൈനൽ തേർഡിൽ ചലനമുണ്ടാക്കാൻ ഇരുവരും ബുദ്ധിമുട്ടി. ഹൈദരാബാദ് സ്ട്രൈക്കർ സൻ്റാന ബോക്സിനുള്ളിൽ ന്നിന്ന് ഉതിർത്ത ഒരു ഫ്രീ ഹെഡർ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സന്ധു തട്ടിയകറ്റിയതാണ് മത്സരത്തിലെ ഒരേയൊരു ക്ലിയർ ചാൻസ്. ഫിസിക്കൽ ഗെയിം പുറത്തെടുത്ത ബെംഗളൂരു രണ്ട് മഞ്ഞ കാർഡും സ്വന്തമാക്കി.
അരിഡാനെ സന്റാനയും ഹാളിചരണ്‍ നര്‍സാരിയുമെല്ലാം അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനൊപ്പം ബെംഗളൂരു മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാനും ഹൈദരാബാദിന് സാധിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍, ഉദാന്ത സിങ് എന്നിവരെ ഹൈദരാബാദ് കൃത്യമായി പൂട്ടി. വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ബെംഗളൂരു എഫ്.സിയില്‍ നിന്നുണ്ടായത്.