ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ‘ഡൽഹി ചലോ’ മാർച്ചിനിടെ ഭക്ഷണമൊരുക്കി മുസ്‌ലിം പള്ളികൾ. പള്ളിയിൽ ഭക്ഷണമൊരുക്കുന്നതിൻെറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
സി.എ.എ-എൻ.ആർസി വിരുദ്ധ സമരകാലത്ത് തങ്ങൾക്ക് ഭക്ഷണമൊരുക്കിയ കർഷകർക്ക് പ്രത്യുപകാരമായാണ് ഭക്ഷണം നൽകുന്നതെന്ന് ട്വിറ്ററിൽ ചിത്രം പങ്കുവെച്ച് ഒരാൾ കുറിച്ചു. ഭക്ഷണം വേണ്ട കർഷകർക്ക് ബന്ധപ്പെടാനായി പള്ളികളുടെ മൊബൈൽ നമ്പറും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഡൽഹിയിലെ 25 പള്ളികളാണ് ഭക്ഷണം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
അതേസമയം, കർഷക സമരം ശക്തമായി മൂന്നാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയിലും ഡൽഹി അതിർത്തിയിലും കർഷകരുടെ വലിയ സംഘം തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. സമരക്കാരെ അടിച്ചോടിക്കാനുള്ള ഡൽഹി പൊലീസിൻറെ ഭാഗത്ത് നിന്നും ശ്രമം ഉണ്ട്. ഗ്രനേഡ്, ജലപീരങ്കി, കണ്ണീർവാതകം എന്നിവ ഉപയോഗിച്ച് ഇന്നലെ പൊലീസ് കർഷകരെ നേരിട്ടിരുന്നു.