ജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഉംറ കര്‍മം പുനരാരംഭിച്ച ശേഷം അനുവദിച്ച പെര്‍മിറ്റുകളുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായി സൗദി അറേബ്യ. കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാണ് ഉംറ കർമം നടക്കുന്നത്. ഇത്രയധികം ആളുകൾ ഉംറക്കായി എത്തിയെങ്കിലും ഇതുവരെ തീര്‍ഥാടകര്‍ക്കിടയില്‍ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആരോഗ്യ മുന്‍കരുതല്‍ നടപ്പാക്കുന്നതിന് സൗദി മന്ത്രാലയം കൃത്യമായ പദ്ധതികളോടെയാണ് മുന്നോട്ട് പോകുന്നത്. തീര്‍ഥാടകരെ 50 പേര് ഉള്‍പ്പെടുന്ന ഗ്രൂപ്പുകളായി തിരിച്ചാണ് ഉംറ നിർവഹിക്കുന്നത്. ഒരേസമയത്ത് 32 ഗ്രൂപ്പുകളെയാണ് തീര്‍ഥാടനത്തിന് അനുവദിക്കുന്നത്.
പ്രതിദിനം ആറ് സമയങ്ങളിലായി ഗ്രൂപ്പുകള്‍ ഉംറ നിര്‍വഹിക്കുന്നു. അടുത്ത സീസണിലെ തീര്‍ഥാടകരുടെ എണ്ണം നിര്‍ണയിക്കല്‍ പ്രയാസകരമാണെന്നും മന്ത്രി പറഞ്ഞു. ചില രാജ്യങ്ങള്‍ പ്രഖ്യാപിച്ച വാക്സിനുകളുടെ ഫലപ്രാപ്തി സ്ഥിരീകരിക്കാന്‍ ആരോഗ്യ മന്ത്രാലയം കാത്തിരിക്കുകയാണ്.ആരോഗ്യ മന്ത്രാലയത്തിെന്റ നിര്‍ദേശങ്ങള്‍ പ്രകാരം ഉംറക്കും ഹജ്ജിനും ആവശ്യമായ നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഹജ്ജ് -ഉംറ സഹമന്ത്രി പറഞ്ഞു.