ന്യൂഡൽഹി: കോവിഡ് വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേരിട്ട് വിലയിരുത്തും. വാക്സിൻ അവലോകന യോഗത്തിനായി പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്, ഹൈദരാബാദിലെ ഭാരത് ബയോടെക് ലാബ് എന്നിവിടങ്ങളിൽ പ്രധാനമന്ത്രി ഇന്ന് സന്ദർശനം നടത്തും.
ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കോവിഷീൽഡ് (കോവിഡ് വാക്‌സിൻ) ലഭ്യമാകുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചത്. എന്നാൽ വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നിലവിൽ അഞ്ച് വാക്‌സിനുകളാണ് ഇന്ത്യയിൽ അഡ്വാൻസ്ഡ് ഘട്ടത്തിൽ എത്തി നിൽക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ഓക്‌സഫഡ് വാക്‌സിന്റെ മൂന്നാം ഘട്ടം പൂർത്തീകരിച്ചിട്ടുണ്ട്. ഭാരത് ബയോട്ടെക് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ആരംഭിച്ചിട്ടേയുള്ളു. സൈഡസ് കഡില രണ്ടാം ഘട്ടം പൂർത്തിയാക്കി. ഡോ.റെഡ്ഡീസ് നടത്തുന്ന റഷ്യയുടെ സ്പുട്‌നിക് V ന്റെ പരീക്ഷണം 2-3 ഘട്ടങ്ങളിലാണ്. ബയോളജിക്കൽ ഇ എന്ന വാക്‌സിനാകട്ടെ പരീക്ഷണത്തിന്റെ ആദ്യ ഘട്ടത്തിലാണ്.