പനാജി: കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ എടികെ മോഹൻബഗാന് ജയം. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഐ.എസ്.എല്ലില്‍ അരങ്ങേറ്റ മത്സരം കളിക്കുന്ന ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് എടികെ പരാജയപ്പെടുത്തിയത്.
49-ാം മിനിറ്റില്‍ റോയ് കൃഷ്ണയും 85-ാം മിനിറ്റില്‍ മന്‍വീര്‍ സിങ്ങുമാണ് എടികെയുടെ ഗോളുകള്‍ നേടിയത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച എടികെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.
മത്സരത്തില്‍ 68 ശതമാനത്തോളം സമയവും പന്ത് ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ കാലിലായിരുന്നു. പന്തടക്കത്തില്‍ പുലര്‍ത്തിയ മികവ് പക്ഷേ ഫിനിഷിങ്ങില്‍ കൊണ്ടുവരാന്‍ സാധിക്കാതിരുന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. 15 ഷോട്ടുകളാണ് ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ ബൂട്ടില്‍ നിന്നും പിറന്നത്.
മത്സരത്തില്‍ ആദ്യം താളം കണ്ടെത്തിയത് ഈസ്റ്റ് ബംഗാളായിരുന്നു. എന്നാല്‍ റോയ് കൃഷ്ണയും പ്രബീര്‍ ദാസും തിളങ്ങിയതോടെ എടികെ കളിപിടിച്ചു. 36-ാം മിനിറ്റില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഷോട്ട് ദേബ്ജിത്ത് മജുംദാര്‍ രക്ഷപ്പെടുത്തി. 38-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന് ലഭിച്ച അവസരം ബല്‍വന്ത് സിങ് നഷ്ടപ്പെടുത്തി. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയ്ക്ക് ശേഷം 49-ാം മിനിറ്റില്‍ ജയേഷ് റാണയുടെ മുന്നേറ്റത്തില്‍ നിന്നാണ് എടികെയുടെ ആദ്യ ഗോളിന്റെ പിറവി. റണയില്‍ നിന്ന് പന്ത് ലഭിച്ച ഹെര്‍ണാണ്ടസ് അത് കൃഷ്ണയ്ക്ക് മറിച്ചുകൊടുത്തു. ഈസ്റ്റ് ബംഗാള്‍ ഡിഫന്‍ഡറുടെ കാലിനിടയിലൂടെ കൃഷ്ണ പന്ത് വലയിലെത്തിച്ചു. പിന്നീട് 85-ാം മിനിറ്റില്‍ ഒറ്റയ്‌ക്കൊരു മുന്നേറ്റത്തിലൂടെ മന്‍വീര്‍ സിങ് എടികെയുടെ രണ്ടാം ഗോളും ഡര്‍ബി വിജയവും കുറിച്ചു.