ബംബോലിം: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇരു ടീമുകളും 2 ഗോളുകൾ വീതമാണ് സ്കോർ ചെയ്തത്. സിഡോ, ഹൂപ്പർ എന്നിവർ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയപ്പോൾ ക്വെസി അപ്പയ്യ, ഇദ്രിസ സില്ല എന്നിവരാണ് നോർത്ത് ഈസ്റ്റിനായി സ്കോർ ഷീറ്റിൽ ഇടം നേടിയത്.
മത്സരം തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. സെയ്ത്യാസെന്‍ സിങ്ങിന്റെ ഫ്രീകിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച സെര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചത്.
45-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഹാള്‍റിങ്ങിനെ രാകേഷ് പ്രദാന്‍ ബോക്‌സില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഗാരി ഹൂപ്പറുടെ കിക്ക് ഗോൾകീപ്പറെ മറികടന്നു. 45ആം മിനിട്ടിൽ നേടിയ ഈ ഗോളോടെ ബ്ലാസ്റ്റെഴ്സ് കളിയിൽ ആധിപത്യം ഉറപ്പിച്ചു.
ഇതിനിടെ 23ആം മിനിട്ടിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച സുവർണാവസരം ഹൂപ്പർ പുറത്തേക്കടിച്ചു കളഞ്ഞു
രണ്ട് ഗോൾ ലീഡിൻ്റെ ആനുകൂല്യം ഉണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു തന്നെ കളിച്ചു. എങ്കിലും കൂടുതൽ ആക്രമണം നടത്തിയത് നോർത്ത് ഈസ്റ്റ് തന്നെയായിരുന്നു. നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ നോർത്ത് ഈസ്റ്റ് അർഹതപ്പെട്ട ഗോൾ കണ്ടെത്തി.
51-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ പിഴവില്‍ നിന്നാണ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ നേടിയത്. ഫെഡ്രിക്കോ ഗല്ലേഗോ എടുത്ത കോര്‍ണര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്ക് വന്ന ആശയക്കുഴപ്പം മുതലെടുത്താണ് ക്വെസി അപിയ ഗോള്‍ നേടിയത്.
വീണ്ടും ആക്രമണം തുടർന്ന നോർത്ത് ഈസ്റ്റ് പലതവണ ഗോളിനരികെ എത്തി. നോർത്ത് ഈസ്റ്റിന് അനുകൂലമായി ലഭിച്ച പെനാൽറ്റി അപ്പയ്യ പുറത്തേക്കടിച്ചു കളഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. പക്ഷേ, പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സില്ലയിലൂടെ 90ആം മിനിട്ടിൽ നോർത്ത് ഈസ്റ്റ് സമനില പിടിച്ചു. മധ്യനിരയിൽ നിന്ന് ഗുർജിന്ദർ ലോംഗ് ബോൾ ഒന്നാംതരമായി കണ്ട്രോൾ ചെയ്ത സില്ല ഉജ്ജ്വലമായ ഒരു ഷോട്ടിലൂടെ അൽബീനോ ഗോമസിനെ കീഴ്പ്പെടുത്തി വലയിലാക്കുകയായിരുന്നു.