കാല്‍പന്തുകളിയിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. മറഡോണ എന്ന പേരിനൊപ്പം ദൈവത്തിന്റെ കൈയുമുണ്ട്. ഫുട്‌ബോളില്‍ കാലിനൊപ്പം കൈകൊണ്ടും ചരിത്രം രചിച്ച ഇതിഹാസ താരമായിരുന്നു മറഡോണ.
ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. ഈ മാസം തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് ഉണ്ടായിരുന്നു.
1986-ൽ മാറഡോണയുടെ പ്രതിഭയിലേറിയാണ് ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യൻമാരായത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ എന്നറിയപ്പെടുന്ന വിവാദഗോളടക്കമുളള രണ്ടു ഗോളുകൾ ലോകപ്രശസ്തമാണ്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു.
Read also: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. വിജയപരാജയങ്ങളോ നേടിയ ഗോളുകളുടെ എണ്ണമോ നോക്കിയിട്ടായിരുന്നില്ല ഫുട്ബോൾ ലോകം മറഡോണയെ വിലയിരുത്തിയിരുന്നത്. പന്തടക്കത്തിൽ മറഡോണയെ വെല്ലാൻ ആളുകൾ കുറവാണ്. എതിരാളികൾ എത്രപേരുണ്ടേങ്കിലും അവരുടെ ഇടയിലൂടെ നുഴഞ്ഞുകയറാനും കൂട്ടുകാർക്കു വിദഗ്‌ദ്ധമായി പന്തു കൈമാറാനും, ആ കൈമാറ്റം അതി സൂക്ഷ്മവും കൃത്യവുമാക്കാനും മറഡോണയ്ക്ക് എന്നും കഴിഞ്ഞിരുന്നു. ഫൗൾ ചെയ്തുകൊണ്ടാണ് പലപ്പോഴും എതിരാളികൾ ഇദ്ദേഹത്തെ നേരിട്ടിരുന്നത്.
1960 ഒക്ടോബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ ജനനം. ഡോണ്‍ ഡീഗോ ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ അര്‍മാന്‍ഡോ മറഡോണ. റോമന്‍ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്.
പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്‌ക്ക് ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി.
അർജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകൾ. നാലു ലോകകപ്പുകളിൽ പങ്കെടുത്ത (1982, 86, 90, 94)മാറഡോണ അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു, ഇതിൽനിന്ന് 34 ഗോളുകൾ.
1994-ല്‍ പത്രക്കാരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത് വിവാദമായി. ഇതിന്റെ പേരില്‍ നിയനടപടിയും നേരിട്ടു. 1994 അമേരിക്ക ലോകകപ്പില്‍ രണ്ടു കളികളില്‍ മാത്രമേ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചുള്ളൂ. ഗ്രീസുമായുള്ള കളിക്കു ശേഷം നടത്തിയ പരിശോധനയില്‍ എഫെഡ്രിന്‍ എന്ന മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കി.
1996-ല്‍ മയക്കുമരുന്ന് ഉപയോഗത്തിന് ഒരു സ്വിസ് ഡ്രഗ് ക്ലിനിക്കില്‍ ചികിത്സയ്ക്ക് വിധേയനായി. വീണ്ടും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ 1997-ലെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ചു.
2000-ല്‍ കൊക്കെയ്ന്‍ ഉപയോഗത്തെ തുടര്‍ന്ന് ഹൃദയത്തിനുണ്ടായ പ്രശ്നങ്ങള്‍ കാരണം തളര്‍ന്നുവീണ അദ്ദേഹം യുറഗ്വായിലെ ആശുപത്രിയില്‍ ചികിത്സ നടത്തി.
2000-ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് മറഡോണയായ്ക്കായിരുന്നു.78, 000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്‌ക്ക് 26, 000 വോട്ടുകളേ കിട്ടിയിരുന്നുള്ളു.
2004-ല്‍ ഫുട്ബോള്‍ മത്സരം കാണുന്നതിനിടെ കുഴഞ്ഞു വീണ അദ്ദേഹം ബ്യൂണസ് ഐറിസിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായി.
2010 ലെ ലോക കപ്പിനായുള്ള യോഗ്യതാ മൽസരങ്ങളിൽ ഇടം തേടാനാകതെ മുങ്ങിത്താണുകൊണ്ടിരുന്ന[അവലംബം ആവശ്യമാണ്] ദേശീയ ടീമിന്റെ പരിശീലകനായി 2009 ഒടുവിൽ നിയമിതനായ മറഡോണ കുറഞ്ഞ സമയം കൊണ്ട് ടീമിന് യോഗ്യത നേടിക്കൊടുത്തു. ലോക കപ്പിൽ സാമാന്യം നല്ല കളി കാഴ്ച്ച വച്ചെങ്കിലും ക്വാർട്ടർ ഫൈനലിൽ ജർമനിയോട് തോറ്റ് പുറത്തായി. ഇതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നും രാജി വക്കേണ്ടി വരുകയും ചെയ്തു.