ദുബായ്: ന്യൂസിലന്‍ഡിന്റെ ഗ്രെഗ് ബാര്‍ക്ലേ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) സ്വതന്ത്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ സിംഗപ്പൂരിെന്റ ഇംറാന്‍ ഖ്വാജയെ തോല്പിച്ചാണ് ഗ്രെഗ് ബാര്‍ക്ലേ ഐ.സി.സി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. 16 അംഗരാജ്യങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ബാര്‍ക്ലേക്ക് 11 പേരുടെ പിന്തുണ ലഭിച്ചു.
ഇന്ത്യയുടെ ശശാങ്ക് മനോഹര്‍ ഈ വര്‍ഷം തുടക്കത്തില്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ബാര്‍ക്ലേയുടെ സ്ഥാനാരോഹണം.
ഐ.സി.സിയിലെ പ്രധാനികളായ ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവരുടെ പിന്തുണ ബാര്േക്ലക്കായിരുന്നു. പാകിസ്താനായിരുന്നു ഇംറാന്‍ ഖ്വാജക്കായി ശക്തമായി രംഗത്തിറങ്ങിയത്.
ഓക്ലന്ഡില്നിന്നുള്ള അഭിഭാഷകനായ ബാര്‍ക്ലേ 2012 മുതല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ അംഗമാണ്. ന്യൂസിലന്‍ഡിന്റെ ഐസിസി പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം. ഐസിസി അധ്യക്ഷ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് കൗണ്‍സിലിലെ സ്ഥാനം ബാര്‍ക്ലേ ഒഴിയും.