ന്യൂ ഡല്‍ഹി: വാരണാസിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വാരണാസിയിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ ആദ്യം സമീപിച്ചത് അലഹബാദ് ഹൈക്കോടതിയെയാണ്. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു.
മോദിക്കെതിരെ സമാജ് വാദി പാര്‍ട്ടിയില്‍ മത്സരിക്കാനായാണ് തേജ് ബഹാദൂര്‍ നാമനിര്‍ദേശ പത്രിക നല്‍കിയത്. സൈന്യത്തില്‍നിന്നു പുറത്താക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്.
ബിഎസ്എഫില്‍ ജവാനായിരുന്ന തേജ് ബഹാദൂര്‍ സേനയിലെ ഭക്ഷണം മോശമാണെന്ന് കാണിച്ച് സമൂഹമാദ്ധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തു. തുടര്‍ന്ന് സേനയില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു.