മുൻ ദേശീയ താരവും മലയാളിയുമായ എസ് ശ്രീശാന്ത് ക്രിക്കറ്റ് ലോകത്തേക്ക് തിരികെയെത്തുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രസിഡന്റ്‌സ് ടി-20 ടൂർണമെൻ്റാണ് താരത്തിൻ്റെ തിരിച്ചുവരവിന് സാക്ഷിയാവുക. ബിസിസിഐയുടെ വിലക്ക് അവസാനിച്ച സാഹചര്യത്തിലാണിത്.
ഡിസംബറിൽ തീരുമാനിച്ചിരിക്കുന്ന ടൂർണമെൻ്റിൻ്റെ തീയതി നിശ്ചയിച്ചിട്ടില്ല. സർക്കാർ അനുമതി ലഭിച്ചു കഴിഞ്ഞാൽ മറ്റ് വിവരങ്ങൾ ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കും.
2013 ഐപിഎല്‍ സീസണില്‍ വാതുവയ്‌പ് സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്നാണ് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്‌ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീട് ശ്രീശാന്തിനെതിരായ കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി പട്യാല സെഷൻസ് കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. എന്നാൽ ബിസിസിഐ ശ്രീശാന്തിനെതിരായ വിലക്ക് നീക്കാൻ തയാറായില്ല.
പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബുഡ്‌സ്‌മാൻ വിലക്ക് ഏഴു വർഷമായി കുറയ്‌ക്കുകയായിരുന്നു.