നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇടം പിടിച്ചു.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, വിവര സാങ്കേതികവിദ്യ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റധിഷ്ഠിത വിദ്യാഭ്യാസം, പിന്തുണാ-പരിപാലന സംവിധാനം, ഇ-ഗവേർണൻസ് എന്നീ മേഖലയിലെ കൈറ്റിന്റെ ഇടപെടൽ രാജ്യത്തും പുറത്തും മാതൃകയാണെന്നാണ് പുറത്തിറക്കിയ റിപ്പോർട്ടിലുള്ളത്.
ഹൈടെക് സ്‌കൂൾ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 16027 സർക്കാർ-എയിഡഡ് സ്‌കൂൾ യൂണിറ്റുകളിൽ 374274 ഉപകരണങ്ങളുടെ വിന്യാസം, 12678 സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, 183440 അധ്യാപകർക്ക് പ്രത്യേക ഐടി പരിശീലനം, സമഗ്ര വിഭവ പോർട്ടൽ, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകൾ തുടങ്ങിയ പദ്ധതികൾ കൈറ്റ് പൂർത്തിയാക്കിയിരുന്നു.
ജൂൺ 1 മുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയാണ് ‘ഫസ്റ്റ് ബെൽ’ എന്ന പേരിൽ ഡിജിറ്റൽ ക്ലാസുകൾ സംപ്രേഷണം ചെയ്തു വരുന്നത്.