കശ്മീര്‍: ജമ്മു കശ്മീരിലെ ജില്ല വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനാധിപത്യ അവകാശങ്ങൾ അട്ടിമറിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. ഗുപ്കര്‍ സഖ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് കശ്മീര്‍ ഭരണകൂടം വിലക്കുന്നുവെന്ന് ഫറൂക്ക് അബ്ദുള്ള ആരോപിച്ചു.
സ്ഥാനാര്‍ത്ഥികളെ സുരക്ഷയുടെ കാരണം പറഞ്ഞ് വോട്ടര്‍മാരെ കാണാന്‍ അനുവദിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും മുന്നണി അധ്യക്ഷനായ ഫറൂക്ക് അബ്ദുള്ള വ്യക്തമാക്കി. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രചരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ജനാധിപത്യം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണിതെന്നും ഫറൂക്ക് അബ്ദുള്ള ആരോപിച്ചു.
വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും ആവശ്യപ്പെട്ടു. ഈ മാസം 28 നാണ് കശ്മീരിലെ ജില്ല വികസന സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്