ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയില്‍ ജയില്‍ മോചിതയായേക്കും. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ അടച്ചതോടെ ജയില്‍ മോചനം ഉടന്‍ ഉണ്ടാകുമെന്നു അഭിഭാഷകന്‍ വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും. ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബംഗ്ലൂരു സിറ്റി സെഷൻസ് കോടതിയിൽ ശശികലയുടെ അഭിഭാഷകൻ അടച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.
പയസ് ഗാർഡനിലെ ഉൾപ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കൾ മാസങ്ങൾക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹൈദരാബാദിൽ ഉൾപ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു. ശശികല പുറത്തിറങ്ങേണ്ടത് തമിഴ്നാട്ടിലെ ജനങ്ങളുടെ ആവശ്യമാണെന്നും ജനുവരിയിൽ തന്നെ മോചിതയാകുമെന്നും മന്നാർഗുഡി കുടുംബം അവകാശപ്പെട്ടു.