വാഷിംഗ്‌ടണ്‍: കോവിഡ് പ്രതിരോധ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് യു.എസ് ഫാര്‍മ കമ്പനി ഫൈസര്‍. മനുഷ്യരില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്ക് പിന്നാലെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. വാക്‌സിന്‍ വിജയകരമായതിന് പിന്നാലെ യു.എസ് ഡ്രഗ് ആന്റ് ഫുഡ് അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങാന്‍ ഒരുങ്ങുകയാണ് കമ്പനി.
മുതിര്‍ന്ന ആളുകളില്‍ വാക്‌സിന്‍ പരീക്ഷിച്ചപ്പോള്‍ അണുബാധയുണ്ടായില്ലെന്നും കന്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. 170 പേരില്‍ പരീക്ഷണം നടത്തിയാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും ഫൈസര്‍ അവകാശപ്പെടുന്നു. കോവിഡിനെതിരെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നു ഫൈസര്‍ നേരത്തെ അറിയിച്ചിരുന്നു. ജര്‍മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്ന് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സിന്‍ ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും അടിയന്തര ഉപയോഗത്തിനായി യുഎസ് അധികൃതരുടെ അനുമതി ഈ മാസം തന്നെ തേടുമെന്നും ഫൈസര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ്ഡിഎ) അനുമതി ലഭിച്ചാല്‍ മാത്രമേ വാക്‌സിന്‍ പുറത്തിറക്കാനാവൂ. വാക്‌സിന്‍ എത്രകാലമാണ് പ്രതിരോധം നല്‍കുക എന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയായിട്ടില്ല. ഒരുവര്‍ഷം സംരക്ഷണം കിട്ടുമെന്നാണ് കന്പനി അവകാശപ്പെടുന്നത്. 130 കോടി ഡോസ് വാക്സീന് 2021ല്‍ ഉല്പാദിപ്പിക്കുമെന്നു കന്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഫൈസര്‍ വികസിപ്പിച്ച വാക്‌സിന്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇത് ഒരു വെല്ലുവിളിയാണ്. വാക്‌സിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുന്നതായും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യക്കാര്‍ക്ക് ആവശ്യമുള്ളത്രയും കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമല്ലെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) വി.കെ പോള്‍ നേരത്തെ പറഞ്ഞിരുന്നു. കോവിഡ് 19-മായി ബന്ധപ്പെട്ട ദേശീയ തലത്തിലുള്ള കര്‍മസേനയെ നയിക്കുന്നത് അദ്ദേഹമാണ്.
അന്തിമ അനുമതികള്‍ ലഭിച്ചശേഷം കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള എല്ലാ സാധ്യതകളും തേടുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഫൈസറിന്റെ വാക്‌സിന്‍ സൂക്ഷിക്കാനും വിതരണത്തിന് കൊണ്ടുപോകുന്നതിനും മെനസ് 70 ഡിഗ്രി താപനില ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ വേണമെന്നത് ഏതൊരു രാജ്യത്തിനും കനത്ത വെല്ലുവിളിയാണന്നും എന്നാല്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച അന്തിമ രൂപരേഖ സര്‍ക്കാര്‍ യഥാസമയം തയ്യാറാക്കുമെന്നും വി.കെ പോള്‍ പറഞ്ഞിരുന്നു.