മോണ്ടെവിഡിയോ: ലോകകപ്പ് യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ കരുത്തരായ ബ്രസീലിനും അർജൻറീനക്കും ജയം. ബുധനാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ബ്രസീൽ യുറുഗ്വായ്യെയും അർജൻറീനയും പെറുവിനെയും തോൽപ്പിച്ചു. 2-0ത്തിനായിരുന്നു രണ്ട് വമ്പന്മാരുടെയും വിജയം.
ഇതോടെ നാല് മത്സരങ്ങളിൽ നാലും ജയിച്ച ബ്രസീൽ (12 പോയൻറ്) പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. 10 പോയൻറുമായി അർജൻറീന രണ്ടാം സ്ഥാനത്താണ്. ഇനി നാല് മാസത്തിന് ശേഷം മാർച്ച് 25 നാണ് ബ്രസീലിന് യോഗ്യത മത്സരം ഉള്ളത്.
ആർതറും റിച്ചാർലിസണുമാണ് ബ്രസീലിനായി വലചലിപ്പിച്ചത്. ഇരു ടീമുകളിലും രണ്ട് സൂപ്പർതാരങ്ങളുടെ അഭാവമുണ്ടായിരുന്നു. പരിക്കേറ്റ സൂപ്പർതാരം നെയ്മറില്ലാതെ ബ്രസീലും കോവിഡ് ബാധിതനായ ലൂയി സുവാരസില്ലാതെ യുറുഗ്വായ്യും കളത്തിലിറങ്ങിയത്.
ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും. രണ്ടാം പകുതിയിൽ സൂപ്പർ താരം എഡിൻസൺ കവാനി ചുവപ്പ് കാർഡ് കണ്ട് പുറത്തായതും യുറുഗ്വായ്ക്ക് നിരാശയായി. രണ്ടാം പകുതിയിൽ ഗോളുകളുടെ എണ്ണം വർധിപ്പിക്കാൻ സാധിച്ചില്ലെങ്കിലും എതിരാളികളെ പിടിച്ചുകെട്ടാൻ ബ്രസീലിനായി.
നികോളസ് ഗോൺസാലസും ലോതറോ മാർടിനസും നേടിയ ഗോളുകളുടെ മികവിലാണ് അർജൻറീന 2-0ത്തിന് പെറുവിനെ തോൽപിച്ചത്. 2004ന് ശേഷം അർജൻറീന ആദ്യമായാണ് പെറുവിൽ വിജയിക്കുന്നത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയുമായി ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് അർജൻറീന. അവസാനം കളിച്ച മൂന്ന് മത്സരങ്ങളിൽ മെസ്സിക്ക് സ്കോർ ചെയ്യാനായില്ല.