ന്യൂഡൽഹി: കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാൽ ഡൽഹിയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് ഡൽഹി സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡൽഹിയിൽ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് ഡൽഹി സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചു.
ഹോട്ട്‌സ്‌പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്രത്തിൽ നിന്ന് അനുവാദം തേടിയത്. ഇതിന് പുറമെ സംസ്ഥാനത്ത് അനുവദിച്ചിരുന്ന നിരവധി ഇളവുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിവാഹചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട് . നേരത്തെ 200 അതിഥികൾക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുവെങ്കിൽ നിലവിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.
ഇതുപോലെ വരും ദിവസങ്ങളിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഒരിടവേളയ്ക്ക് ശേഷം കോവിഡിന്റെ വ്യാപനം അനിയന്ത്രിതമായി ഉയരുകയാണ്. ശൈത്യകാലം ആരംഭിച്ചതിനാൽ പല വിദേശ രാജ്യങ്ങൾക്കും സമാനമായി ഡൽഹിയിലും കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് കണക്കാക്കുന്നത്.