തിരുവനന്തപുരം: ഒഴിവുള്ള പ്ലസ് വണ്‍ സീറ്റുകളിലെ ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് 17 മുതല്‍ അപേക്ഷിക്കാം. ജില്ല/ ജില്ലാന്തര സ്കൂള്‍/ കോന്പിനേഷന് ട്രാന്‍സ്ഫര്‍ അലോട്ട്മെന്റിന് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ സ്പോര്‍ട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിലും ട്രാന്‍സ്ഫറിന് അപേക്ഷിക്കാം.
ജില്ലയ്ക്കകത്തോ/ മറ്റ് ജില്ലയിലേയ്ക്കോ സ്കൂള്‍ മാറ്റത്തിനോ കോന്പിനേഷന് മാറ്റത്തോടെ സ്കൂള്‍ മാറ്റത്തിനോ അതേ സ്കൂളിലെ മറ്റൊരു കോന്പിനേഷനിലേയ്ക്കോ മാറുന്നതിനോ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അപേക്ഷിക്കാം.
ജില്ല/ ജില്ലാന്തര സ്കൂള്‍/ കോന്പിനേഷന് ട്രാന്‍സ്ഫറിനുള്ള ഓപ്പണ്‍ വേക്കന്‍സി വിവരങ്ങള്‍ 17ന് രാവിലെ ഒന്‍പതിന് പ്രസിദ്ധീകരിക്കും.
സ്കൂള്‍/ കോന്പിനേഷന് ട്രാന്‍സ്ഫറിനുള്ള അപേക്ഷകള്‍ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ 17ന് രാവിലെ 10 മുതല്‍ 18 വൈകിട്ട് നാലു വരെ ഓണ്‍ലൈനായി നല്‍കാം. വിശദാംശങ്ങള്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.