ഇസ്താംബൂള്‍: ഫോര്‍മുല വണ്ണില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്ട്ടണ് ഏഴാം ലോക കിരീടം. തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പ്യൻഷിപ്പിലെ വിജയത്തോടെയാണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്. സീസണിൽ മൂന്ന് ഗ്രാൻപ്രികൾ ശേഷിക്കേയാണ് ഹാമിൽട്ടണിന്റെ കിരീടവിജയം.
വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്തതാൻ ഹാമിൽട്ടണായി. ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ് ഹാമിൽട്ടന്റെ പേരിലുള്ളത്.
2008 ലായിരുന്നു ആദ്യ കിരീട വിജയം. 2014, 2015, 2017, 2018, 2019 വര്‍ഷങ്ങളിലായിരുന്നു ശേഷിക്കുന്ന വിജയങ്ങൾ. 1994, 1995, 2000, 2001, 2002, 2003, 2004 വര്‍ഷങ്ങളിലായിരുന്നു ജർമൻ താരമായ ഷുമാക്കര്‍ കിരീടം സ്വന്തമാക്കിയത്.
ഇസ്താംബൂളിൽ വിജയിച്ചതോടെ തൊട്ടടുത്ത എതിരാളിയായ സഹതാരം വാൽട്ടേരി ബോട്ടാസിനെ (85 പോയൻറ്) ബഹുദൂരം പിന്നിലാക്കിയാണ് ഹാമിൽട്ടൺ കിരീടമുറപ്പിച്ചത്.