അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്കാരിക മേഖലയിലെ പ്രധാന ബിംബങ്ങളിലൊന്നായി തിളങ്ങിയ സൗമിത്ര ചാറ്റര്‍ജിയെന്ന ഇതിഹാസ നടൻ വിടവാങ്ങി. സത്യജിത് റേയുടെ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ വിസ്മയമാക്കിയ സൗമിത്ര ചാറ്റര്‍ജി, റേയുടെ വിശ്രുത നായകന്‍ എന്ന പേരിലാണ് വിഖ്യാതനായത്. റേയുടെ അപുർ സൻസാറിലൂടെയാണ് (1959) സൗമിത്ര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റേയുടെ തന്നെ 15 സിനിമകളുടെ ഭാഗഭാക്കായി. മൃണാൾ സെൻ, തപൻ സിൻഹ, അസിത് സെൻ, അജോയ് കർ, ഋതുപർണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചു.
കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തെ ഷിയൽദാ റെയിൽവെ സ്റ്റേഷനു സമീപമുള്ള മിർസാപുരിലാണ് സൗമിത്ര ജനിച്ചത്. പത്തു വയസ്സു വരെ അദ്ദേഹം വളർന്നത് നദിയ ജില്ലയിലെ കൃഷ്ണനഗറിലായിരുന്നു. നാടകകൃത്ത് ദ്വിജേന്ദ്രലാൽ റേയുടെ പട്ടണമായ കൃഷ്ണനഗറിന്‍റെ തനതായ നാടകസംസ്കാരം തന്നെയാണ് സൗമിത്രയുടെ അഭിനയ ജീവിതത്തെ സ്വാധീനിച്ച പ്രധാന ഘടകം. കൂടാതെ സൗമിത്രയുടെ അഭിഭാഷകനും സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന പിതാവും മുത്തശ്ശനും നാടകപ്രവർത്തകരായിരുന്നു.
ഹൗറ സില്ല സ്കൂള്‍, കൊൽക്കത്ത സിറ്റി കോളേജ്, കൊൽക്കത്ത സർവകലാശാല എന്നിവിടങ്ങളില്‍ നിന്നാണ് സൗമിത്ര വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനകാലത്ത് സ്കൂള്‍ നാടകങ്ങളിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം തന്റെ വഴി അഭിനയമാണെന്ന് അന്നു തന്നെ തീരുമാനിച്ചതാകണം. ആ കാലയളവില്‍ തന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയിൽനിന്ന് സൗമിത്ര അഭിനയ പാഠങ്ങൾ പഠിച്ചിരുന്നു.
നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസറായി. അക്കാലത്താണ് സത്യജിത് റേയുടെ അപരാജിതോയിൽ അവസരം തേടിയെത്തിയത്. സൗമിത്രയെ റേയ്ക്ക് ഇഷ്ടമായെങ്കിലും സിനിമയിലെ പ്രധാന കഥാപാത്രം അപു കുറച്ചുകൂടി ചെറുപ്പമായതിനാൽ അവസരം ലഭിച്ചില്ല. പക്ഷേ ചിത്രത്തിന്റെ അടുത്ത ഭാഗത്തിൽ മുതിർന്ന അപുവിനെ അവതരിപ്പിക്കാൻ റേ സൗമിത്രയെ വിളിച്ചു.
സൗമിത്ര ചാറ്റർജി എന്ന ഇതിഹാസ നടന്റെ വളർച്ചയുടെ തുടക്കം ഇവിടെ നിന്നാണ്. റേയുടെ 15 സിനിമകളിൽ നായകവേഷത്തിൽ തിളങ്ങിയ സൗമിത്ര ബംഗാളി വെള്ളിത്തിരയിൽ സ്വാഭാവിക അഭിനയത്തിന്റെ മാനങ്ങള്‍ വെളിപ്പെടുത്തി. റേയുടെ പ്രശസ്‌ത ചിത്രമായ ചാരുലതയിലെ നായകനായ കവിയെ അവതരിപ്പിക്കാൻ കയ്യക്ഷരം പോലും മാറ്റിയിട്ടുണ്ട് അദ്ദേഹം.
അപുർ സൻസാർ, തീൻ കന്യ, അഭിജാൻ, ചാരുലത, കാപുരുഷ്, ആകാശ് കുസും, പരിണീത, അരണ്യേർ ദിൻ രാത്രി, അശനിസങ്കേത്, സോനാർ കെല്ല, ഗണശത്രു തുടങ്ങിയവയാണ് സൗമിത്രയുടെ പ്രധാന ചിത്രങ്ങൾ. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡും നൽകി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സർക്കാർ കലാകാരൻമാർക്കു നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിലൊരാൾ എന്ന വിശേഷിപ്പിക്കപ്പെടുന്ന സൗമിത്ര തന്റെ നിലപാടുകളിലും കരുത്തനായിരുന്നു. എഴുപതുകളിൽ പത്മശ്രീ പുരസ്കാരം അദ്ദേഹം നിരസിച്ചിരുന്നു. 2004ലാണ് രാജ്യം പത്മഭൂഷൺ നല്‍കി ആ അതുല്യ പ്രതിഭയെ ആദരിച്ചത്. കൂടാതെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും അൽപം വൈകിയാണെങ്കിലും അദ്ദേഹത്തെ തേടിയെത്തി.
കോവിഡ് ബാധ മൂലം ഒക്ടോബർ ആറിനാണ് 85കാരനായ സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതോടെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യനില വീണ്ടും വഷളായി. പിന്നീട് ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു കഴിഞ്ഞിരുന്നത്. ദീപ ചാറ്റർജിയാണ് അദ്ദേഹത്തിന്‍റെ ഭാര്യ. പൗലാമി ബോസ്, സൗഗത ചാറ്റർജി എന്നിവരാണ് മക്കള്‍.