ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ഓര്‍ക്കാപ്പുറങ്ങള്‍

കൊതിക്കുന്നതെന്തും ഒരു വിരല്‍ സ്പര്‍ശത്തില്‍ വീട്ടുപടിക്കലെത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് ശീലങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ചിത്രം പൂര്‍ത്തിയാക്കുന്നത്. കോവിഡ് മഹാമാരിയും ലോക്ക് ഡൗണും കൂടിയായപ്പോള്‍ ഇതൊരു ജീവിതശൈലിയായി മാറുകയും ചെയ്തു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ ഓഫറുകളുടെയും ഡീലുകളുടെ നിറപ്പൊലിമയില്‍ അവതരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ആരോഗ്യസേവനങ്ങളും കടന്നുകൂടിയിട്ട് കാലം കുറച്ചാകുന്നു. കണ്‍സള്‍ട്ടേഷന്‍, ചികിത്സ, മെഡിക്കല്‍ പരിശോധനകള്‍, മരുന്ന് വിതരണം എന്നിവയ്ക്കായി ഓണ്‍ലൈന്‍ മാര്‍ഗങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ലോകത്തിന്‍റെ ഏത് കോണില്‍ നിന്നും പാരസെറ്റമോള്‍ മുതല്‍ വിഷാദരോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വരെ ഓര്‍ഡര്‍ സ്വീകരിക്കാനും ആവശ്യാനുസരണം അവ ഉപഭോക്താവിന് എത്തിച്ചു നല്‍കാനും കൊണ്ടുപിടിച്ച മത്സരമാണ് ഇ-ഫാര്‍മസികള്‍ കാഴ്ചവയ്ക്കുന്നത്.

ജീവിതശൈലീരോഗങ്ങള്‍പോലെ സ്ഥിരമായി മരുന്നുപയോഗിക്കുന്നവരാണ് ഓണ്‍ലൈന്‍ ഫാര്‍മസികളുടെ പ്രധാന ലക്ഷ്യം. ഭേദപ്പെട്ട വിലയുള്ള അര്‍ബുദ മരുന്നുകള്‍ക്ക് മികച്ച കിഴിവ് കാട്ടിയുള്ള പ്രകോപനങ്ങള്‍ വേറെയും. ചില്ലറക്കച്ചവടക്കാര്‍ ഓണലൈന്‍ ഫാര്‍മസികളില്‍നിന്ന് മരുന്നുകള്‍ വാങ്ങി വില്‍ക്കുന്ന സംഭവവികാസങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനമായ ആമസോണ്‍, സ്‌നാപ്ഡീല്‍, നെറ്റ്‌മെഡ്‌സ്, പ്രാക്ടോ, 1എംജി, മെഡ്പ്ലസ് മാര്‍ട്ട്, മെഡിസിന്‍ ഇന്‍ഡ്യ, തുടങ്ങിയവയാണ് രാജ്യത്തെ ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയില്‍ ആദ്യ പട്ടികയില്‍ നിലകൊള്ളുന്നത്. കൂടെ, കൂണുപോലെ മുളയ്ക്കുന്ന അനധികൃത വെബ്സൈറ്റുകളുമുണ്ട്.


ഇ-പ്ലാറ്റ് ഫോം ചുവടുവെപ്പ് ശരിയായ ദിശയിലുള്ളതായിരിക്കാം. എന്നാല്‍, അവശ്യം വേണ്ട പശ്ചാത്തല സൗകര്യങ്ങളില്ലാതെ ആശയപരമോ നിയമപരമോ ആയ വ്യക്തത നല്‍കാതെ നിലവിലുള്ള നിയന്ത്രണങ്ങള്‍ പോലും ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ലെന്ന വസ്തുതകളാണ് ആശങ്കപ്പെടുത്തുന്നത്. വിലക്കുറവും എളുപ്പത്തിലുള്ള ലഭ്യതയും പൊലിപ്പിച്ച് കാട്ടി മരുന്നുകളുടെ ഗുണത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന നടപടി സ്വീകാര്യമല്ല. മറ്റ് ഉത്പന്നങ്ങളുടെ കച്ചവടവുമായി മരുന്നു കച്ചവടത്തെ താരതമ്യം ചെയ്യാനും സാധിക്കില്ല. കാരണം ഇവിടെ ഉപഭോക്താവിന്റെ ജീവിതവും ക്ഷേമവും ആരോഗ്യവുമാണ് പന്താടപ്പെടുന്നത്.

ജനപ്രിയമാകുന്ന ഓണ്‍ലൈന്‍ ഫാര്‍മസികള്‍

സ്വതന്ത്ര ഇൻറർനെറ്റ് കമ്പനികളുടെ നേതൃത്വത്തിലുളള സൈറ്റുകൾ, ഫാർമസികളുടെ ഓൺലൈൻ ശാഖകൾ, ഫാർമസികൾ തമ്മിലുള്ള പങ്കാളിത്തത്തെ പ്രതിനിധീകരിക്കുന്ന സൈറ്റുകൾ എന്നിങ്ങനെ വിവിധ തരത്തില്‍ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരുന്നുകളുടെ ഓൺലൈൻ വിൽപ്പനയെന്ന ആശയം രണ്ട് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടും പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ 200 ലധികം ഇ-ഫാർമസികൾ പ്രവര്‍ത്തിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ ഇ-ഫാർമസി വിപണിയുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 63 ശതമാനമായി ഉയര്‍ന്ന് 2022 ഓടെ 3.6 ബില്യൺ ഡോളറിലെത്തുമെന്നാണ് ബിസിനസ് കൺസൾട്ടിംഗ് സ്ഥാപനമായ ഫ്രോസ്റ്റ് & സള്ളിവൻ (Frost & Sullivan) വിലയിരുത്തുന്നത്. നിലവിലെ കണക്കനുസരിച്ച്, ഓൺലൈൻ ഫാർമസികൾ വിപണി വരുമാനത്തിന്റെ 2-3 ശതമാനത്തോളം സംഭാവന ചെയ്യുന്നുണ്ട്. 2020 അവസാനിക്കുമ്പോള്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം മൊത്തം വിപണിയുടെ 10% പിടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


രാജ്യത്ത് ഇ-ഫാർമസി മേഖലയ്ക്ക് ഗണ്യമായ അളവിൽ ബാഹ്യ ധനസഹായവും ലഭിക്കുന്നുണ്ട്. നെറ്റ്‌മെഡ്‌സ്.കോം ഈ മേഖലയിലെ ഏറ്റവും വലിയ മൂലധന സംരംഭമായി മാറിയത് 2015 ൽ 50 ദശലക്ഷം സമാഹരിച്ചുകൊണ്ടായിരുന്നു. ഓൺലൈൻ ഫാർമസി സ്റ്റാർട്ടപ്പായ മെഡ്‌ലൈഫ്, സിപ്ല, സോഫ്റ്റ്ബാങ്ക് വിഷൻ ഫണ്ട് തുടങ്ങിയവരിൽ നിന്ന് സമാഹരിച്ചത് 150 ദശലക്ഷത്തിലധികമാണ്. കോവിഡ് ലോക്ക്ഡൗണ്‍ സമയത്തും അണ്‍ലോക്ക് പ്രഖ്യാപനത്തിന് ശേഷവും ബിസിനസ് പ്രതീക്ഷ വളര്‍ത്തുന്ന മേഖലയായതിനാല്‍ വന്‍തോതിലുള്ള നിക്ഷേപ പദ്ധതികളാണ് ഓണ്‍ലൈന്‍ ഫാര്‍മസികള്‍ മുന്നോട്ട് വയ്ക്കുന്നത്.

എങ്ങനെയാണ് ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ജനപ്രിയമാകുന്നതെന്ന ചോദ്യത്തെ സ്വാധീനിക്കുന്നത് നിരവധി ഘടകങ്ങളാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങും ഇ-കോമോഴ്സും വന്‍തോതില്‍ ജനപ്രീതി നേടുന്നത് തന്നെയാണ് പ്രധാന കാരണം. ഓഫ്‌ലൈൻ സ്റ്റോറുകളേക്കാൾ മികച്ച വിലക്കുറവും ഓഫറുകളും, എളുപ്പത്തിലുള്ള ലഭ്യതയുമൊക്കെ ഇതിന് വഴിവെക്കുന്നു. ഇവയ്ക്ക് പുറമെ ഓണ്‍ലൈന്‍ ഫാര്‍മസികളിലേക്ക് ജനശ്രദ്ധ ക്ഷണിക്കുന്ന മുഖ്യ ഘടകമാണ് സ്വകാര്യത. പ്രത്യേകിച്ചും ലൈംഗിക ഉത്തേജന മരുന്നുകള്‍, ഗര്‍ഭ നിരോധന ഗുളികകള്‍, മയക്കുമരുന്നുകള്‍, മറ്റ് മാരക രോഗത്തിനുള്ള ചികിത്സാവിധികള്‍ എന്നിവയ്ക്കായി സമീപിക്കുന്ന ഉപഭോക്താക്കളുടെ കാര്യത്തില്‍. ഫാര്‍മസിയില്‍ എത്താനുള്ള ശാരീരിക ക്ഷമതക്കുറവ്, യാത്രാ സൗകര്യത്തിന്‍റെ അഭാവം, സമയക്കുറവ് എന്നിവയും ഓണ്‍ലൈന്‍ ഫാര്‍മസികളെ വ്യാപകമായി ആശ്രയിക്കാനുള്ള കാരണമാണ്.

ഇവയ്ക്ക് പുറമെ, ഓൺലൈൻ ഫാർമസികൾ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയില്‍ ഫുള്‍ ബോഡി ചെക്കപ്പ് പാക്കേജുകളടക്കം വാഗ്ദാനം ചെയ്യുന്നുണ്ട്. രക്തവും മറ്റ് സ്രവ സാമ്പിളുകളും ശേഖരിക്കാൻ പ്രൊഫഷണൽ ലാബ് എക്സിക്യൂട്ടീവുകളെ വീട്ടിലേക്ക് അയയ്ക്കുകയും പരിശോധനാ റിപ്പോർട്ടുകൾ ഇമെയിൽ വഴി ലഭ്യമാക്കുകയും ചെയ്യുന്നു. കൂടാതെ, ടെസ്റ്റ് റിപ്പോർട്ടുകൾ ഡോക്ടറുമായി ചർച്ച ചെയ്യുന്നതിന് സൗജന്യ കണ്‍സള്‍ട്ടേഷനും വാഗ്ദാനം ചെയ്യുന്നു. ഇത് തിരക്കേറിയ ജീവിതം നയിക്കുന്ന കോർപ്പറേറ്റ് ജീവനക്കാർക്കും പ്രൊഫഷണലുകൾക്കും ഏറെ പ്രയോജനകരമാണ്.


അതേസമയം, പുതിയ മരുന്നുകൾ, മരുന്നുകളുടെ പ്രതികൂല ഫലങ്ങൾ, എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകി രോഗികളെ ശാക്തീകരിക്കാൻ ഓൺലൈൻ ഫാർമസികൾ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇത് ആശാസ്യമല്ലാത്ത രീതിയിലുള്ള സ്വയം ചികിത്സയ്ക്ക് വഴിയൊരുക്കും. വന്‍തോതിലുള്ള ജനപ്രീതി നേടാന്‍ സാധിച്ചത് ഓണ്‍ലൈന്‍ ഫാര്‍മസി മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ലൈസന്‍സായും വന്നു ഭവിച്ചിട്ടുണ്ട്. മരുന്നുകളിലും ചികിത്സവിധിയിലുമുള്ള കൃത്രിമത്വം മുതല്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനമായ സ്വകാര്യ വിവരങ്ങളുടെ അപഹരണം വരെ ഉണ്ടാകുന്നുണ്ട്.

അനധികൃത ഓണ്‍ലൈന്‍ ഫാര്‍മസികള്‍, കള്ളത്തരങ്ങള്‍

സർട്ടിഫിക്കേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നതോ നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ മരുന്നുകൾ നിർദ്ദേശിക്കുന്നതോ വ്യാജ മരുന്നുകൾ അറിഞ്ഞുകൊണ്ട് വിതരണം ചെയ്യുന്നതോ ആയ ഇ- ഫാര്‍മസികളാണ് അനധികൃത ഓണ്‍ലൈന്‍ ഫാര്‍മസികളുടെ പട്ടികയില്‍ വരുന്നത്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ ഓരോ മാസവും ഇത്തരത്തിലുള്ള 600 ഓളം ഓണ്‍ലൈന്‍ ഫാര്‍മസികളാണ് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് സെന്റർ ഫോർ സേഫ് ഇൻറർനെറ്റ് ഫാർമസീസ് (സി‌എസ്‌ഐപി) വ്യക്തമാക്കുന്നു. ഇൻറർനെറ്റിലെ നിയമവിരുദ്ധമായ ഫാർമസ്യൂട്ടിക്കൽ ഉല്‍പ്പന്നങ്ങള്‍ സംബന്ധിച്ച പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ഓര്‍ഗനൈസേഷനാണിത്. അതേസമയം, ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്കായി ഇന്‍റര്‍നെറ്റില്‍ തിരയുന്ന 100 ശതമാനം പേര്‍ക്കും ആദ്യം ലഭിക്കുന്ന റിസള്‍ട്ട് അനധികൃതമായി മരുന്ന് വില്‍പ്പന നടത്തുന്ന വെബ്സൈറ്റുകളുടെ അഡ്രസ്സാണെന്നാണ് അലയൻസ് ഫോർ സേഫ് ഓൺലൈൻ ഫാർമസീസ് (ASOP) ന്‍റെ കണ്ടെത്തല്‍.

എല്ലാ ഓണ്‍ലൈന്‍ ഫാര്‍മസികളും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണെന്നല്ല ഇത് അര്‍ത്ഥമാക്കുന്നത്. മരുന്നുകളുടെ ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കുമനുസൃതമായി പ്രവര്‍ത്തിക്കുന്ന ഇ- ഫാര്‍മസികള്‍ നിലവിലുണ്ട്. എന്നാല്‍, ഇത്തരം വ്യാപാരകേന്ദ്രങ്ങള്‍ ആകെയുള്ളതിന്‍റെ വെറും മൂന്ന് ശതമാനം മാത്രമെ ഉള്‍ക്കൊള്ളുന്നുള്ളൂ എന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) വിലയിരുത്തുന്നത്. ഏതാണ് നിയമാനുസൃതം ഏതാണ് അല്ലാത്തത് എന്നത് ഉപയോക്താവിന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ പ്രശ്നം വഷളാകുന്നു.


കാലഹരണപ്പെട്ട അല്ലെങ്കില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍, പേരുകേട്ട കമ്പനികളുടെ വ്യാജ പതിപ്പുകള്‍, തെറ്റായ അനുപാതത്തില്‍ തയ്യാറാക്കിയ മരുന്നുകള്‍, തെറ്റിദ്ധരിപ്പിക്കുന്ന പഞ്ചസാര ഗുളികകള്‍ എന്നിവ വ്യാപകമായി പ്രചരിക്കാന്‍ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ കാരണഭൂതരാകുന്നുണ്ട്. ഇതോടൊപ്പം വിഷാദരോഗത്തിനുള്ളതും, ഗര്‍ഭച്ഛിദ്രത്തിനുള്ളതും, ഭാരം കുറയ്ക്കുന്നതിനും, സിൽഡെനാഫിൽ പോലെ ലൈംഗിക ഉത്തേജന മരുന്നുകളും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ലഭിക്കുന്നു. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പ്രശ്നപരിഹാരം കാണുന്ന ഉപഭോക്താക്കളില്‍ ഇത്തരം മരുന്നുകള്‍ മാരകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്.

കുറിപ്പടി ഇല്ലാതെ തന്നെ ഒപിയോയിഡുകൾ പോലുള്ള അപകടകരവും ആസക്തി നിറഞ്ഞതുമായ മരുന്നുകൾ ഇ- ഫാര്‍മസികള്‍ വഴി വില്‍ക്കപ്പെടുന്നതായി ജേണൽ ഓഫ് മെഡിക്കൽ ഇന്റർനെറ്റ് റിസർച്ച് റിപ്പോർട്ട് ചെയ്യുന്നു. പല ഓണ്‍ലൈന്‍ മരുന്നു വിതരണക്കാരും അവരുടെ വിശ്വാസ്യതയും ഉല്‍പന്നത്തിന്റെ ഫലപ്രാപ്തിയും എത്രത്തോളമാണെന്ന് വെളിപ്പെടുത്താറില്ല. ഇത് ഉപഭോക്താവിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന കാര്യമാണ്.

ശാരീരിക വിലയിരുത്തലിന്റെ അഭാവവും, ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ മരുന്നുകള്‍ ലഭ്യമാക്കാനുള്ള സാധ്യതയുമാണ് ഓണ്‍ലൈന്‍ ഫാര്‍മസികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. ഇതിന്‍റെ പേരില്‍ തന്നെയാണ് വന്‍തോതില്‍ വിമര്‍ശനങ്ങളുണ്ടാകുന്നതും. 19.6% ഓണ്‍ലൈന്‍ ഫാർമസികൾ മരുന്നുകൾ വിതരണം ചെയ്യുന്നതിന് മുമ്പ് കുറിപ്പടിയോ, ഡോക്ടറുടെ നിര്‍ദ്ദേശമോ ആവശ്യപ്പെടുന്നില്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കുറിപ്പടി ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് സിപ്രോഫ്ലോക്സാസിൻ (പലതരം ബാക്ടീരിയ അണുബാധകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്ന്) ലഭ്യമാക്കിയതായി തെളിയിച്ച 2001 ലെ ആന്ത്രാക്സ് കേസുകൾക്ക് ശേഷമാണ് ഈ വിവാദം കൂടുതല്‍ ചര്‍ച്ചയായത്.


ചോദ്യാവലിയിലൂടെയും ചെക്ക്‌ലിസ്റ്റുകളിലൂടെയും രോഗികളെ വിലയിരുത്തുകയും ഈ ആശയവിനിമയത്തെ അടിസ്ഥാനമാക്കി മരുന്നുകൾ നിർദ്ദേശിക്കുകയുമാണ് ഓണ്‍ലൈന്‍ ഫാര്‍മസികള്‍ വാഗ്ദാനം ചെയ്യുന്ന ‘സൈബര്‍ ഡോക്ടര്‍മാര്‍’ ചെയ്യുന്നത്. ചികിത്സ നൽകുന്നതിനുമുമ്പ് ആവശ്യമെന്ന് കരുതുന്ന വിശദമായ പരിശോധനകളും വിലയിരുത്തലുകളും ഇത്തരം ഓൺലൈൻ കൺസൾട്ടേഷനുകൾ പൂര്‍ണ്ണമായും അവഗണിക്കുന്നു.

വിദേശ ഫാർമസികളിൽ നിന്ന് ഇൻറർനെറ്റ് വഴി കുറിപ്പടി മരുന്നുകൾ കുറ‍ഞ്ഞ വിലയ്ക്ക് ഓർഡർ ചെയ്യാന്‍ സാധിക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. അംഗീകാരമില്ലാത്തതോ, വ്യാജമോ, മായം ചേർക്കുന്നതോ ആയ മരുന്നുകളാണ് ഇറക്കുമതി ചെയ്ത്, നിയമവിരുദ്ധമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. രാജ്യത്തിന്‍റെ പുറത്തു നിന്നുള്ള കമ്പനികളായതിനാല്‍ ഉല്‍പന്നം വില്‍ക്കപ്പെടുന്ന രാജ്യത്തെ നിയമങ്ങള്‍ പലപ്പോഴും ബാധകമാവാത്തതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. അതിരുകള്‍ മായ്ച്ച് വിശാലമായ ലോകം തുറന്നിടുന്ന ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുണയാകുന്നത്.

അനധികൃതമായി വളരുന്ന ഓണ്‍ലൈന്‍ ഫാര്‍മസികള്‍ കൃത്യമായി നിരീക്ഷിക്കപ്പെടാത്തത് മരുന്നുകളുടെ തെറ്റായ ഡോസേജുകൾ, ജനറിക് വേരിയന്റുകൾ എന്നിവയുടെ പ്രചാരണം പോലുള്ള വഞ്ചനാപരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. 2014 ൽ ഇന്റർ‌പോളിന്‍റെയും ലോകമെമ്പാടുമുള്ള 200ഓളം നിയമ നിർവ്വഹണ ഏജൻസികളുടെയും സഹായത്തോടെ യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) ഓൺലൈൻ ഫാർമസികൾക്കെതിരെ ആഗോള നിയമനടപടിക്കൊരുങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായി 237 പേരെ അറസ്റ്റ് ചെയ്യുകയും 10,600 ലധികം അനധികൃത വെബ്‌സൈറ്റുകൾ അടച്ചുപൂട്ടുകയും ചെയ്തു.


എന്നാല്‍, 2020 ആകുമ്പോഴേക്കും അനധികൃതമായ ഓണ്‍ലൈന്‍ ഫാര്‍മസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ അനിയന്ത്രിതമായ മുതലെടുപ്പാണ് ഓണ്‍ലൈന്‍ ഫാര്‍മസികള്‍ നടത്തുന്നത്. കോവിഡ് മുക്തി, രോഗ പ്രതിരോധം എന്നിവ മുന്‍നിര്‍ത്തി നിരവധി നിയമവിരുദ്ധ വെബ്സൈറ്റുകള്‍ പ്രചരിക്കുന്നതായി പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായുള്ള അന്താരാഷ്ട്ര അസോസിയേഷന്‍, നാഷണൽ അസോസിയേഷൻ ഓഫ് ബോർഡ്സ് ഓഫ് ഫാർമസി(NABP) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ക്ലോറോക്വിൻ, ഹൈഡ്രോക്സിക്ലോറോക്വിൻ, ലോപിനാവിർ, റിറ്റോണാവീർ തുടങ്ങിയ മരുന്നുകളാണ് വന്‍ തോതില്‍ വ്യാജ വാഗ്ദാനങ്ങളുടെ പുറത്ത് വില്‍പ്പന ചെയ്യപ്പെട്ടത്. എന്നാല്‍ ഈ മരുന്നുകള്‍ കോവിഡിനെ തുരത്തുമെന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കൊറോണ വൈറസിനെതിരെയുള്ള തെളിയിക്കപ്പെടാത്ത ചികിത്സകളാണവ. ശരിയായ മെഡിക്കൽ മേൽനോട്ടമില്ലാതെ ഇവ സ്വീകരിക്കുന്നത് തീര്‍ത്തും അപകടകരവുമാണ്. കൂടാതെ നൂറു ശതമാനം സുരക്ഷയെന്ന വ്യാജേന മാസ്കുകളും, പരിശോധന കിറ്റുകളും എന്തിന് വാക്സിന്‍ വരെ വിപണിയിലെത്തിയിരുന്നു. രോഗ ഭീതിയിലധിഷ്ടിതമായ ജനവികാരം മുതലെടുത്തായിരുന്നു മിക്ക ഓണ്‍ലൈന്‍ ഫാര്‍മസികളും പ്രവര്‍ത്തിച്ചത്.

നിലവിലുള്ള വെബ്‌സൈറ്റിലേക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർത്തും കോവിഡ് 19 സംബന്ധിച്ച വാക്കുകളും ശൈലികളും ചേര്‍ത്ത് സൈറ്റുകള്‍ നാമകരണം ചെയ്തുമാണ് അനധികൃത ഓണ്‍ലൈന്‍ ഫാര്‍മസികള്‍ പ്രചരിച്ചത്. ഇവയില്‍ 90ശതമാനം സൈറ്റുകളും അജ്ഞാതമായി രജിസ്റ്റർ ചെയ്യപ്പെട്ടവയാണെന്നും എന്‍എബിപി സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ നിയമ നിർവ്വഹണ ഏജൻസികൾക്ക് ഇവയുടെ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കുക പോലും ശ്രമകരമായിരുന്നു.

നിയമവിരുദ്ധമായ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാനും അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്കെതിരെ ദീർഘകാല നയങ്ങൾ നടപ്പിലാക്കാനും എന്‍എബിപി തീരുമാനിച്ചിട്ടുണ്ട്. പ്രസതുത സാഹചര്യം കണക്കിലെടുത്ത് മരുന്നുകൾ വാങ്ങുന്നതിനുള്ള നിയമാനുസൃത വെബ്‌സൈറ്റുകൾ തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്നതിന് സുരക്ഷിത ഓൺലൈൻ ഫാർമസികളുടെയും അനുബന്ധ വിഭവങ്ങളുടെയും ഒരു ലിസ്റ്റ് www.safe.pharmacy എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.


ഇന്ത്യന്‍ നിയമവും നിയന്ത്രണങ്ങളും

ഓണ്‍ലൈന്‍ ഫാര്‍മസികളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ഉയരുന്ന ചൂടിപിടിച്ച ചര്‍ച്ചകള്‍ ഓണ്‍ലൈന്‍ മരുന്നു വില്‍പ്പന നിര്‍ത്തലാക്കുന്നതാണോ അതോ നിയന്ത്രിക്കുന്നതാണോ നല്ലത്? എന്ന ചോദ്യത്തെ ചുറ്റിപ്പറ്റിയാണ്. രാജ്യത്ത് ഇ-ഫാർമസികളെ നിയന്ത്രിക്കുന്ന പ്രത്യേക നിയമങ്ങളൊന്നുമില്ല. ഇത് തന്നെയാണ് ഓണ്‍ലൈന്‍ ഫാര്‍മസികളുടെ ആരോഗ്യകരവും അനാരോഗ്യകരവുമായ വളര്‍ച്ചയ്ക്ക് കാരണവും.

2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട്, 1945ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് റൂള്‍സ്, 1948ലെ ഫാര്‍മസി ആക്ട്, 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ ആക്ട് എന്നിവ പ്രകാരമാണ് നിലവില്‍ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ നിയന്ത്രിക്കപ്പെടുന്നത്. രാജ്യത്ത് മരുന്നുകളുടെ പരസ്യം നിയന്ത്രിക്കുന്ന ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് ആക്റ്റ് ഉൾപ്പെടെ പലതും കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും പ്രചരിക്കുന്നതിന് മുന്‍പ് എഴുതപ്പെട്ടവയാണ്. അതിനാല്‍ മാറിയ സാഹചര്യത്തെ ഉള്‍ക്കൊള്ളാവുന്ന വിപുലമായ നിയമ നടപടികളുടെ ആവശ്യം മുഴച്ചു നില്‍ക്കുന്നുണ്ട്.

ഇന്ത്യൻ നിയമമനുസരിച്ച്, റീട്ടെയിൽ ലൈസൻസുള്ള ഫാർമസികള്‍ക്കും ശമ്പളപ്പട്ടികയിൽ രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റിനും മാത്രമേ മരുന്നുകൾ വിൽക്കാൻ കഴിയൂ. എല്ലാ മരുന്നുകളും ഡെലിവറിക്ക് മുമ്പ് ഫാർമസിസ്റ്റ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഷെഡ്യൂൾ എക്സ് മരുന്നുകൾ കുറിപ്പടി ഇല്ലാതെ ഉപഭോക്താവിന് വിൽക്കാൻ കഴിയില്ല. ഷെഡ്യൂൾ എച്ച്, ഷെഡ്യൂൾ എക്സ് വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ആരൊക്കെയാണ് വാങ്ങുന്നത്, അവരുടെ മോല്‍വിലാസം, നിര്‍ദ്ദേശം നല്‍കിയ ഡോക്ടറുടെ വിവരങ്ങള്‍ എന്നിങ്ങനെ ഫാര്‍മസികള്‍ ഉപഭോക്തൃ രേഖകൾ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. പ്രായപൂർത്തിയാകാത്തവർക്ക് ഇത്തരം മരുന്നുകൾ വിൽക്കുന്നതും നിരോധിത മരുന്നുകളുടെ വിൽപ്പന നടത്തുന്നതും പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ ഉയർന്ന വിലയ്ക്ക് മരുന്നുകൾ വിൽക്കുന്നതും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഫാര്‍മസികളുടെ കാര്യത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യത, ഡാറ്റ പരിരക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതോടൊപ്പം സൈബര്‍ നിയമങ്ങള്‍ അനുസരിക്കുകയും വേണം.


എന്നാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാര്‍മസികളില്‍ മിക്കതും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല. ഇതിന്‍റെ ഭാഗമായി ഉപരോധമോ, നിയന്ത്രണങ്ങളോ അഭിമുഖീകരിച്ചവ നിരവധിയാണ്. അതേസമയം, ചില ഓൺലൈൻ ഫാർമസികൾ നിയന്ത്രിക്കുന്നത് സംഘടിത ക്രിമിനൽ നെറ്റ്‌വർക്കുകളാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രധാനമായും മയക്കുമരുന്ന് മാഫിയകള്‍. ആന്‍റി നാര്‍ക്കോട്ടിക് സെല്‍ നടത്തിയ അന്വേഷണത്തില്‍ എംഡി (“മെഫെഡ്രോൺ”) എന്ന മയക്കുമരുന്ന് യാതൊരു നിയന്ത്രണവുമില്ലാതെ വളരെ സുലഭമായി ഓണ്‍ലൈന്‍ ഫാര്‍മസികള്‍ വഴി വില്‍ക്കപ്പെടുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 1985ലെ നാര്‍ക്കോട്ടിക്സ് ഡ്രഗ്ഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടില്‍ (എൻ‌ഡി‌പി‌എസ്‌എ) ഭേദഗതി വരുത്തണമെന്ന ആവശ്യം ആന്‍റി നാര്‍ക്കോട്ടിക് സെല്‍ 2014ല്‍ മുന്നോട്ട് വച്ചത്.

ഓണ്‍ലൈന്‍ മരുന്ന് കച്ചവടം നിയന്ത്രിക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിനായി 2015-ല്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഒരു ഉപസമിതിക്ക് രൂപം നല്‍കിയിരുന്നു. ഇ-പ്രിസ്‌ക്രിപ്ഷനുകളെ ബന്ധപ്പെടുത്തുന്നതും ദേശീയ പോര്‍ട്ടലിലൂടെ സാധ്യമാകുന്നതുമായ ഒരു പ്രവര്‍ത്തന മാതൃക നിര്‍ദ്ദേശിച്ചുകൊണ്ട് 2016 സെപ്തംബറില്‍ ഉപസമിതി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇ-പ്രിസ്‌ക്രിപ്ഷനുകളിലൂടെ ഡോക്ടര്‍മാരെയും രോഗികളെയും ഫാര്‍മസികളെയും ബന്ധിപ്പിക്കുന്ന (ഓണ്‍ലൈന്‍ വഴിയോ ഓഫ്ലൈന്‍ വഴിയോ) ഒരു ഇ-പോര്‍ട്ടല്‍ എന്ന നിര്‍ദ്ദേശമാണ് സമിതി മുന്നോട്ടുവച്ചത്.


2017 മാര്‍ച്ച് 16ന്, ആരോഗ്യ, കുടംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ ഒരു പൊതു നോട്ടീസില്‍, ‘രാജ്യത്തെ മരുന്നുകളുടെ വില്‍പ്പന നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുമായി കൂടിയാലോചന നടത്തുന്നതിന്’ ആഹ്വാനം ചെയ്തിരുന്നു. ഉത്പാദകരില്‍ നിന്നും സ്റ്റോക്ക്/മൊത്തക്കച്ചവടക്കാരിലേക്കും അവിടെ നിന്നും ചെറുകിട വ്യാപാരികളിലേക്കും (ഇ-ഫാര്‍മസികളും ഉള്‍പ്പെടെ) അവരില്‍ നിന്നും അവസാനം ഉപഭോക്താക്കളിലേക്കുമുള്ള മരുന്നുകളുടെ വില്‍പ്പന നിരീക്ഷിക്കുന്നതിന് ഒരു ഇ- പ്ലാറ്റ് ഫോം സ്ഥാപിക്കുന്നതിനായി ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദ്ദേശമായിരുന്നു നോട്ടീസിലുണ്ടായിരുന്നത്.

ഈ നിര്‍ദ്ദേശപ്രകാരം എല്ലാ ഉത്പാദകരും മൊത്തക്കച്ചവടക്കാരും ചെറുകിട കച്ചവടക്കാരും ഇ- പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഇ-പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഫാര്‍മസികളെ മരുന്ന് വില്‍ക്കാന്‍ അനുവദിക്കില്ല. ഇ- പ്ലാറ്റ് ഫോമില്‍ ലഭിക്കുകയും വില്‍ക്കുകയും ചെയ്യുന്ന മരുന്നുകളുടെയും ഡോക്ടറുടെയും രോഗിയുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ ഓരോ പ്രിസ്‌ക്രിപ്ഷന്റെയും വിശദാംശങ്ങളും രേഖപ്പെടുത്തണം. കൂടാതെ ഈ പ്ലാറ്റ്ഫോം നിലനിര്‍ത്തുന്നതിനുള്ള സാമ്പത്തിക സഹായവും അവര്‍ നല്‍കണം.

എന്നാല്‍, സമിതികളുടെയും ഉപസമിതികളുടെയും നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പിന്തുടരാത്ത ഇ-ഫാര്‍മസികള്‍ ഫാര്‍മസി ചട്ടം, ഫാര്‍മസി പ്രാക്ടീസ് നിയന്ത്രണങ്ങള്‍, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ചട്ടം എന്നിവയൊക്കെ അവഗണിച്ചു. ഈ സാഹചര്യത്തിലാണ് 2018 സെപ്തംബറില്‍ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം കരട് ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. ഇ-ഫാർമസി ബിസിനസ്സ് നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും കേന്ദ്ര ലൈസൻസിംഗ് അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു ഇതിലെ പ്രധാന നിര്‍ദ്ദേശം. രജിസ്ട്രേഷൻ അപേക്ഷയ്‌ക്കൊപ്പം 50,000 രൂപ നൽകണമെന്നും ഇൻഫർമേഷൻ ടെക്‌നോളജി ആക്റ്റിലെ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും പ്രസതുത വിജ്ഞാപനം വ്യക്തമാക്കിയിരുന്നു. പക്ഷെ, ഓണ്‍ലൈന്‍ ഫാര്‍മസികളുടെ അനധികൃത മരുന്ന് വില്‍പ്പന വീണ്ടും വാര്‍ത്തയായിക്കൊണ്ടിരുന്നു.


ഇതിനു പിന്നാലെയാണ് 2018 ഡിസംബറില്‍ ഓണ്‍ലൈന്‍ ഫാര്‍മസികളിലൂടെയുള്ള മരുന്ന് വില്‍പ്പന രാജ്യത്തുടനീളം വിലക്കിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമവും, 1948ലെ ഫാര്‍മസി നിയമവും മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന അനുവദിക്കുന്നില്ലെന്ന് കാട്ടി ഡോ. സഹീര്‍ അഹ്മദ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലായിരുന്നു അന്ന് ചീഫ് ജസ്റ്റിസായിരുന്ന രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വികെ റാവു എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെ ഉത്തരവ്.

ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തടയണമെന്ന് 2015ല്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന തുടരുകയാണെന്നും ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നുമായിരുന്നു ഹര്‍ജിക്കാരന്‍റെ വാദം. നിലവാരമില്ലാത്ത മരുന്നുകളും മയക്കുമരുന്നുകളും വ്യാജ പേരുകളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.


ഇ-ഫാർമസികൾ വഴിയുള്ള മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഇല്ലാത്തതിനാൽ ഓണ്‍ലൈന്‍ ഫാര്‍മസികളെ നിയന്ത്രിക്കുന്ന പുതിയ നിയമങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. ഈ സാഹചര്യത്തിലാണ്1986-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ടിലെ ഒട്ടേറെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് ‘കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട്-2019’ 2020 ജൂലായ് 19ന് പ്രാബല്യത്തില്‍ വരുന്നത്. ഇ-കൊമേഴ്‌സ് ഉപഭോക്തൃ നിയമത്തിന്റെ പരിധിയിൽ വന്നു എന്നതായിരുന്നു ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

പുതിയ നിയമത്തിലെ വകുപ്പ് 16 ആണ് ഇ-കൊമേഴ്‌സിനെ നിർവചിക്കുന്നത്. അനുചിതമായ കച്ചവടരീതി തടയുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതോടെ കാൻസലേഷൻ ഫീസ് ഈടാക്കാനാകില്ല. ഫോട്ടോയിൽ ഒന്ന് കാണിച്ച് മറ്റൊന്ന് വിൽക്കുന്ന ഏർപ്പാടും നടക്കില്ല. എല്ലാ ഓൺലൈൻ സൈറ്റിലും പരാതി പരിഹാര ഓഫീസർ വേണം. വില്പനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പൂർണമായും നൽകണം. പരാതി നൽകിയാൽ 48 മണിക്കൂറിനുള്ളിൽ അതിന്റെ രേഖ കൈമാറണം. വ്യാജ ഉത്പന്നം, തകരാറുള്ളവയുടെ വില്പന, വൈകിയുള്ള ഡെലിവറി എന്നിവ പ്രസ്തുത നിയമത്തിനു കീഴില്‍ നടക്കാതെയാവും.

ഉപഭോക്താവിന് പരാതി ഓൺലൈനിൽ നൽകാൻ കഴിയുമെന്നതാണ് പുതിയ നിയമത്തിന്റെ ഗുണം. പുതിയ നിയമം നിലവിൽ വന്നതോടെ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിലും ഓൺലൈനിൽ പരാതികൾ പരിഗണിച്ചുതുടങ്ങും. കൂടാതെ, വാങ്ങിയ സാധനം ഉപയോഗിക്കാതെ 30 ദിവസത്തിനുള്ളിൽ തിരികെ നൽകിയാൽ കച്ചവടക്കാരൻ തിരികെയെടുക്കണം. ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു ആനുകൂല്യമെന്ന നിലയിലായിരുന്നു ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഇത് നടപ്പാക്കിയത്. എന്നാല്‍, ഇനിമുതൽ അത് ഉപഭോക്താവിന്റെ അവകാശമായി മാറും. ഇ-ടെയ്‌ലറുകൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമങ്ങൾ ഫലപ്രദമാണെങ്കിലും, ഇ-ഫാർമസിക്കായി പ്രത്യേക നിയമസംഹിത സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നത് ഖേദകരമാണ്.


ഓണ്‍ലൈന്‍ ഫാര്‍മസികളുടെ കേരള വിപണി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കഴി‍ഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയത്. ഇതിനായി കേന്ദ്രത്തിന്‍റെ ഇടപെടല്‍ നിര്‍ണ്ണായകമാണെന്നും മന്ത്രി അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് അനധികൃതമായി ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടത്തിയ മെഡ് ലൈഫിന്‍റെ ലൈസന്‍സ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 2019ല്‍ റദ്ദു ചെയ്തിരുന്നു. എന്നാല്‍ ഈ ഉത്തരവ് മറികടന്ന് വീണ്ടും ഓണ്‍ലൈന്‍ മരുന്ന് വ്യാപാരത്തില്‍ മെഡ് ലൈഫ് സജീവമായ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

തുഷാര്‍ കുമാര്‍, പ്രശാന്ത് സിങ് എന്നീ രണ്ട് യുവാക്കളാണ് 2014ല്‍ മെഡ് ലൈഫ് സ്ഥാപിച്ചത്. ഒരു വര്‍ഷം മുമ്പാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്നും മെഡ് ലൈഫ് എന്ന കമ്പനി ലൈസൻസ് സമ്പാദിക്കുന്നത്. ഇതിന്‍റെ മറവിൽ ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പനയും തുടങ്ങി. ഇതിനായി ആപ്പും തയ്യാറാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉറക്ക ഗുളികകളും അബോര്‍ഷനുള്ള മരുന്നുകളും വ്യാപകമായി ഈ കമ്പനി വില്‍ക്കുന്നുണ്ടെന്ന് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം കണ്ടെത്തി. ഇതേതുടര്‍ന്ന് കമ്പനിയുടെ കൊച്ചിയിലെ ഓഫീസിന്‍റെ ലൈസൻസ് റദ്ദാക്കി.

കമ്പനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ശക്തമായ തെളിവുകള്‍ നിരത്തി. ഓണ്‍ലൈനിൽ മരുന്നു വാങ്ങുന്നവരുടെ വിവരങ്ങള്‍ കമ്പനികള്‍ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു നര്‍കോട്ടിക് കണ്‍ട്രോള്‍ വിഭാഗം നല്‍കിയ മുന്നറിയിപ്പ്. കേരളത്തില്‍ ലൈസൻസ് റദ്ദ് ചെയ്താലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കച്ചവടം നടത്തുമെന്നായിരുന്നു കമ്പനി അന്ന് വെല്ലുവിളിച്ചത്. ബംഗളൂരു കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ മെഡ് ലൈഫിന്‍റെ പ്രവര്‍ത്തനം. ഇതേ കമ്പനി ഇ- ഫാര്‍മസി ബിസിനസില്‍ കോടികളുടെ നിക്ഷേപം സമാഹരിച്ച വാര്‍ത്തകളാണ് പിന്നീട് പുറത്തു വന്നത്.

മെഡ്‌ലൈഫ് സ്ഥാപകൻ പ്രശാന്ത് സിംഗും സിഇഒ തുഷാർ കുമാറും

സംസ്ഥാനത്ത് മെഡിക്കല്‍ ഷോപ്പുകളില്‍ വേദനാസംഹാരികള്‍ ഉള്‍പ്പെടെ വില്‍ക്കുന്നതിന് വലിയ നിയന്ത്രണങ്ങളുണ്ട്. ലഹരിക്ക് വേണ്ടി ഇത്തരം മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യം ഉള്ളതുകൊണ്ട് ഡോക്ടറുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമെ ഇത്തരം മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നല്‍കുകയുള്ളു. വാങ്ങിയതും വിറ്റതുമായ ഇത്തരം മരുന്നുകളുടെ ലിസ്റ്റ് മാസാവസാനം ഷോപ്പുടമകള്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നല്‍കുകയും വേണം. മുമ്പ് വാങ്ങിയതിന്റെ കൃത്യമായ കണക്ക് നല്‍കിയാല്‍ മാത്രമെ ഇത്തരം മരുന്നുകളുടെ പുതിയ സ്റ്റോക്ക് നല്‍കുകയുള്ളു. മാത്രമല്ല കടകളില്‍ ശക്തമായ പരിശോധനയും സംസ്ഥാനത്ത് നടക്കുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ഇത്തരം നടപടികളൊന്നുമില്ലാതെ മരുന്നുകള്‍ ആളുകളിലേക്കെത്തിക്കുമെന്നതാണ് ആശങ്ക.

കേരളത്തിലെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് അനധികൃതമായി ലഭിക്കാത്തതുകൊണ്ട് തന്നെ നിലവില്‍ കര്‍ണ്ണാടകത്തിലെ മൈസൂര്‍, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ നിന്ന് രഹസ്യമായി മരുന്നെത്തിച്ചാണ് സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ വില്‍പ്പന നടത്തുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പനയാണ് മുഖ്യമായും നടക്കുന്നത്. അന്തര്‍ സംസ്ഥാന കണ്ണികള്‍ തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. നൈട്രോസിപാം, സ്പാസ്‌മോ പ്രോക്‌സിയോണ്‍ തുടങ്ങിയ ഗുളികകളും ടെന്റസോസിന്‍ ഇഞ്ചക്ഷനുമാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലഹരിയ്ക്കായി ഉപയോഗിക്കുന്നത്. രഹസ്യ കോഡുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇപ്പോള്‍ ഇത്തരം മരുന്നുകളുടെ വില്‍പ്പന. വാട്‌സ് ആപ്പും മറ്റും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ശസ്ത്രക്രിയക്ക് മുമ്പുള്ള അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്ന ടെന്റസോസിന്‍ ഇഞ്ചക്ഷനുകളൊക്കെ വലിയ ലഹരിയാണ് നല്കുന്നത്. ഓണ്‍ലൈന്‍ ഫാര്‍മസികള്‍ എളുപ്പം ലഭ്യമാക്കുന്ന ഇവ അമിതമായി ഉപയോഗിച്ചാല്‍ മരണംവരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.


അതേസമയം, വ്യാജമരുന്നു ലോബി കേരളത്തിൽ വേരുറപ്പിക്കുകയാണെന്നതിന് തെളിവുകള്‍ ഏറെയാണ്. ഈ വര്‍ഷം ജനുവരി ഒന്നിനു തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യായവില ഷോപ്പിൽ ‘ലെട്രോസോൾ’ മരുന്നിന്റെ പായ്ക്കറ്റിൽ കണ്ടെത്തിയ, ‘മെതോട്രെക്സേറ്റ്’ മരുന്നിൽ ആവശ്യമായ രാസചേരുവയില്ലെന്നു തെളിഞ്ഞതോടെ, വ്യാജൻ എന്നു സാക്ഷ്യപ്പെടുത്തി ഡ്രഗ്സ് കൺട്രോൾ വിഭാഗം കമ്പനിക്കെതിരെ കേസെടുത്തിരുന്നു. മദ്യപാനം നിർത്താൻ ആയുർവേദ മരുന്ന് എന്ന പേരിൽ കേരളത്തിലെത്തിയ മരുന്നാണ് ഡൈസൾഫിറം. സംശയം തോന്നി ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധിച്ചപ്പോൾ, ഗുണനിലവാരമില്ല. ഒപ്പം അലോപ്പതി ചേരുവകളും. ഗുജറാത്തിലെ നിർമാണകേന്ദ്രത്തിലടക്കം പരിശോധന നടത്തി ഒടുക്കം കേസ് രജിസറ്റര്‍ ചെയ്യുകയും ചെയ്തു.

ലൈംഗിക ഉത്തേജന മരുന്നുകൾ, നർകോട്ടിക് മരുന്നുകൾ, വൃക്കരോഗത്തിനു കഴിക്കുന്ന മരുന്നുകൾ, കഫ് സിറപ്പ്, ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ തുടങ്ങിയവയുടെ വിൽപനയ്ക്കു കേരളത്തിൽ ഒരു സമാന്തര വിപണിയുണ്ട്. ബിൽ ഇല്ലാതെ കടന്നുവരുന്ന ഔഷധങ്ങൾ ഈ സമാന്തര വിപണിയിലേക്കാണ് പോകുന്നത്. കേരളത്തിൽ മരുന്നിന്റെ ഗുണനിലവാരക്കുറവിന്റെ പേരിൽ നിലവിൽ 450ൽ ഏറെ കേസുകൾ നടക്കുന്നുണ്ട്. 2019ൽ കേരളത്തിൽ പല കമ്പനികളുടേതായി 70 ലക്ഷം രൂപയുടെ മരുന്നുകൾ വിൽക്കരുതെന്നു പറഞ്ഞു തടഞ്ഞിട്ടുണ്ട്. ഇങ്ങനെ വിൽപന നിരോധിച്ച മരുന്നുകൾ കമ്പനികൾക്കു തിരിച്ചയയ്ക്കുകയോ നശിപ്പിക്കുകയോ ആണു ചെയ്യുക. എന്നാല്‍, തിരിച്ചയയ്ക്കുന്നവ വീണ്ടും വിപണിയിലെത്തുന്നുണ്ടോ എന്നറിയാൻ സംവിധാനമില്ല. അനധികൃത ഓണ്‍ലൈന്‍ ഫാര്‍മസികള്‍ ഇതിനായുള്ള ഒരു തുറന്ന സാധ്യതയാണ്.


ഇ-ഫാര്‍മസികളെ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്ന ആവശ്യം ന്യായയുക്തമാണ്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിയമവിരുദ്ധ മരുന്ന് വ്യാപാരത്തിന്‍റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. പെൻ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കംപ്യൂട്ടേഷണൽ ആൻഡ് ഡാറ്റ സയൻസസിലെ ഗവേഷകർ ഇതിനായി കണ്ടെത്തിയത് ഒരു മെഷീൻ ലേണിംഗ് അൽ‌ഗോരിതമാണ്. നിരവധി ഓണ്‍ലൈന്‍ ഫാര്‍മസികളില്‍ നിന്ന് നിയമപരവും മെച്ചപ്പെട്ടതുമായവ തെരഞ്ഞെടുക്കാനുള്ള കമ്പ്യൂട്ടര്‍ മോഡല്‍ ആണ് ഗവേഷകര്‍ വിപലീകരിച്ചിരിക്കുന്നത്. നിയമവിരുദ്ധ സൈറ്റുകളെ ആശ്രയിക്കും മുന്‍പ് ഒരു ജാഗ്രത നിര്‍ദ്ദേശം നല്‍കുന്ന സംവിധാനം.

കതിരും പതിരും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതും അവബോധം വളര്‍ത്തുന്നതും അത്യാവശ്യമാണെങ്കിലും വിശാലമായ ഇന്‍റര്‍നെറ്റ് ലോകത്ത് സജീവമായ ചതിക്കുഴികള്‍ കാണാതെ പോകുന്നത് ധാരാളം പേരാണ്. ആ കുഴികള്‍ പൂര്‍ണ്ണമായും മൂടാനുള്ള നിയമസംഹിതകളും ഇച്ഛാശക്തിയോടെ നടപടികള്‍ കൈകൊള്ളുന്ന ഭരണ സംവിധാനങ്ങളുമാണ് നാടിന് ആവശ്യം. പ്രത്യേകിച്ചും വിട്ടുവീഴ്ചകള്‍ ഒട്ടുമേ ചേരാത്ത ആരോഗ്യ സംബന്ധമായ കാര്യങ്ങളില്‍.

Latest News